പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി വേണം: സമസ്ത

ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ ആഗോളതലത്തില്‍ ഈദ് ആഘോഷങ്ങള്‍ക്കായി ദീര്‍ഘമായ അവധി നല്‍കുന്ന മാതൃക പരിഗണിച്ച്, കേരളത്തിലും രണ്ട് പെരുന്നാളുകള്‍ക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

author-image
Biju
New Update
sam3

കാസര്‍കോട്: പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധിയെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത. രണ്ട് പെരുന്നാളുകള്‍ക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി വീതം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തില്‍ പ്രമേയത്തിലൂടെയാണ് സമസ്ത ഈ ആവശ്യം ഉന്നയിച്ചത്.

മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളായ ഈദുല്‍ ഫിത്വര്‍( ചെറിയ പെരുന്നാള്‍) ഈദുല്‍ അദ്ഹ(ബലി പെരുന്നാള്‍) എന്നിവയുമായി ബന്ധപ്പെട്ട് നിലവില്‍ നല്‍കിവരുന്ന അവധി പര്യാപ്തമല്ല. കുടുംബബന്ധങ്ങള്‍ പുതുക്കുന്നതിനും മതപരമായ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നതിനും ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും നിലവിലെ ഒന്നോ രണ്ടോ ദിവസത്തെ അവധി സഹായകരമല്ല.

ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ ആഗോളതലത്തില്‍ ഈദ് ആഘോഷങ്ങള്‍ക്കായി ദീര്‍ഘമായ അവധി നല്‍കുന്ന മാതൃക പരിഗണിച്ച്, കേരളത്തിലും രണ്ട് പെരുന്നാളുകള്‍ക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ചന്ദ്രദര്‍ശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം പെരുന്നാള്‍ അവധി പലപ്പോഴും കൃത്യമായി ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാന്‍ പെരുന്നാളിന് മുമ്പും ശേഷവുമുള്ള ദിവസങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അവധി കലണ്ടര്‍ പരിഷ്‌കരിക്കണം'- സമസ്ത ആവശ്യപ്പെട്ടു.

ജുമുഅ നമസ്‌കാരത്തിന് തടസമാകാത്ത രീതിയില്‍ പരീക്ഷാ സമയം നിശ്ചയിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു. ജുമുഅ സമയത്ത് പരീക്ഷയും ക്ലാസുകള്‍ നടത്തുന്നതും വിശ്വാസികളായ വിദ്യാര്‍ഥികളോടും അധ്യാപകരോടുമുള്ള അനീതിയാണ്. പൊതുവിദ്യാഭ്യാസ കലണ്ടറില്‍ സാമുദായിക സാഹചര്യങ്ങള്‍ പരിഗണിക്കണം. മദ്‌റസാ സമയവിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് നടപ്പില്‍ വരുത്തി ഉത്തരവിറക്കണമെന്നും സമസ്ത പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഖുര്‍ആനും തിരുസുന്നത്തും പഠിപ്പിച്ചുതന്ന യഥാര്‍ഥ തൗഹീദിനെ വികലമായി വ്യാഖ്യാനിച്ച് മുസ്ലിം സമുദായത്തില്‍ ഭിന്നതയുണ്ടാക്കുന്ന വഹാബി പ്രസ്ഥാനങ്ങളുടെ ആദര്‍ശ വൈരുധ്യങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും സമസ്ത സമ്മേളനത്തില്‍ പ്രമേയം.

ജിന്ന്, സിഹ്ര്‍ തുടങ്ങിയ വിഷയങ്ങളില്‍ തൗഹീദിലുണ്ടായ ആശയക്കുഴപ്പങ്ങളും ഗ്രൂപ്പ് വഴക്കുകളും ഇവരുടെ ആദര്‍ശാടിത്തറ എത്രത്തോളം ദുര്‍ബലമാണെന്ന് തെളിയിക്കുന്നു. കേവലയുക്തിചിന്തയുടെയും ഭൗതിക സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ വിശേഷണങ്ങളെയും പ്രവാചക ചര്യയെയും വ്യാഖ്യാനിക്കുന്നതിലൂടെ വിശ്വാസികളെ വഴിതെറ്റിക്കുന്ന ഇത്തരം നവീനവാദികളെ തിരിച്ചറിയണം. അഹ്ലുസ്സുന്നയുടെ പാവനമായ ആദര്‍ശ പാതയില്‍ അടിയുറച്ചു നില്‍ക്കണമെന്നും ഭക്തിയുടെ വേഷംകെട്ടി വഹാബിസത്തിലേക്ക് വിശ്വാസികളെ റിക്രൂട്ട് ചെയ്യുന്ന തബ്ലീഗ് ജമാഅത്തിനെ കരുതിയിരിക്കണമെന്നും സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തില്‍ അലവി ഫൈസി കുളപ്പറമ്പ് അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.