റഷ്യയില്‍ തൊഴില്‍തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ-ഉക്രെയ്ന്‍ അതിര്‍ത്തിയിലെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചു.
തൃശൂര്‍ സ്വദേശിയായ സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം റഷ്യയിലെ റോസ്‌തോവില്‍ ഉണ്ടെന്ന് റഷ്യയിലെ ഇന്ത്യന്‍ എംബസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എത്രയും വേഗം ഭൗതികശരീരം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളീയരായ സന്തോഷ് കാട്ടുകാലയ്ക്കല്‍ ഷണ്‍മുഖന്‍, സിബി സുസമ്മ ബാബു, റെനിന്‍ പുന്നക്കല്‍ തോമസ് എന്നിവര്‍ ലുഹാന്‍സ്‌കിലെ സൈനിക ക്യാമ്പില്‍ കുടുങ്ങി കിടക്കുന്നതായും അപകടകരമായ സാഹചര്യങ്ങളിലാണ് ഇവരെന്നും അറിയുന്നു. ഇവരെ രക്ഷിക്കുന്നതിനും അടിയന്തിര ഇടപെടലുകള്‍ വേണം. നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെയാണ് കേരളീയരായ ഇവര്‍ റഷ്യയിലെത്തിയതെന്നും പിന്നീട് ഇവരെ യുദ്ധമുന്നണിയില്‍ വിന്യസിക്കുകയാണെന്നുമാണ് അറിയുന്നത്. അനധികൃത റിക്രൂട്ട്‌മെന്റ് ഏജന്‍സികളും വ്യക്തികളും വഴി ഇത്തരത്തില്‍ എത്ര പേര്‍ റഷ്യയില്‍ കുടുങ്ങിക്കിടക്കുന്നൂവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. നിലവില്‍ റഷ്യയിലെ റസ്‌തോഫിലാണ് സന്ദീപിന്റെ മൃതദേഹമുള്ളതായി ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുള്ളത്.
കുടുങ്ങി നിരവധി ഇന്ത്യക്കാര്‍
അതേസമയം, മരിച്ച എട്ട് പേരില്‍, നാല് പേരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. രണ്ട് കേസുകളില്‍ ഹരിയാനയില്‍ നിന്നും പഞ്ചാബില്‍ നിന്നും ഡിഎന്‍എ സാമ്പിളുകള്‍ റഷ്യന്‍ ഭാഗത്തേക്ക് അയച്ചു. ഗുജറാത്തില്‍ നിന്നുള്ള ഒരു കേസില്‍ മൃതദേഹം റഷ്യയില്‍ സംസ്‌കരിക്കണമെന്ന് കുടുംബം ആഗ്രഹിക്കുന്നു. മറ്റൊരു കേസില്‍ ഉത്തര്‍പ്രദേശില്‍ മൃതദേഹങ്ങള്‍ തിരികെ കൊണ്ടുവരുന്നുണ്ടെന്നും വിദേശകാര്യമന്ത്രി നേരത്തെ പറഞ്ഞു.
തങ്ങളുടെ പൗരന്മാര്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് സൂചിപ്പിക്കാന്‍ പല കേസുകളിലും കാരണങ്ങളുണ്ടെന്ന് താന്‍ കരുതുന്നു. അവര്‍ മറ്റെന്തെങ്കിലും ജോലിക്ക് പോകുകയാണെന്നാണ് ജോലി കരാറുകാര്‍ അവരോട് പറഞ്ഞത്. എന്നാല്‍ തുടര്‍ന്ന് അവരെ റഷ്യന്‍ സൈന്യത്തിനൊപ്പം വിന്യസിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ സൈന്യത്തിലേക്ക് ഇന്ത്യന്‍ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്ന വിഷയം ഉന്നയിച്ചിരുന്നു. തങ്ങള്‍ ഈ പ്രശ്‌നം വളരെ ഗൗരവമായി കാണുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രിയോട് താന്‍ തന്നെ പലതവണ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്.പ്രധാനമന്ത്രി കഴിഞ്ഞ മാസം മോസ്‌കോയിൽ ആയിരുന്നപ്പോൾ പ്രസിഡൻ്റ് പുടിനോട് വ്യക്തിപരമായി അത് ഉന്നയിക്കുകയും റഷ്യൻ സൈന്യത്തിന്റെ സേവനത്തിലുള്ള ഏതൊരു ഇന്ത്യൻ പൗരനെയും വിട്ടയക്കുമെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തുവെന്നും ജയശങ്കർ പറഞ്ഞു.തെക്ക് കിഴക്കൻ ഏഷ്യയിലേക്ക് തെറ്റിദ്ധരിപ്പിക്കപ്പെടുകയും സൈബർ അഴിമതികളും അനുബന്ധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്യുന്ന ആളുകളുടെ സൈബർ കടത്ത് സംഭവങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ജയശങ്കർ വിശദമായി പ്രതികരിച്ചു.തങ്ങൾ ഇത് വളരെ ഗൗരവമായി കാണുന്നുണ്ട്. ഇതുവരെ കംബോഡിയയിൽ നിന്ന് 650 ഇന്ത്യക്കാരെയും മ്യാൻമറിൽ നിന്ന് 415 പേരെയും ലാവോസിൽ നിന്ന് 548 പേരെയും തിരിച്ചയച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.