/kalakaumudi/media/media_files/2025/08/03/whatsap-2025-08-03-20-35-23.jpeg)
സാനു മാഷിൻ്റെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു
കൊച്ചി : സാനുമാഷ് മാനവികതയുടെ പ്രകാശമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. സാനു മാഷിൻ്റെ നിര്യാണത്തെ തുടർന്ന് എറണാകുളം ടൗൺ ഹാളിൽ ചേർന്ന അനുശോചന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അനുശോചന യോഗം ചേർന്ന ഈ ടൗൺഹാളിൽ എത്ര തവണ മാഷ് പ്രസംഗിച്ചിട്ടുണ്ടാവും എന്ന് നമുക്കാർക്കും അറിയില്ല. അത്രയും അധികം തവണ മാഷ് പ്രസംഗിച്ചിട്ടുണ്ട്. ആ പ്രസംഗം കേൾക്കുന്ന ഓരോരുത്തർക്കും അതിന്റെ കാമ്പ് ഉൾക്കൊള്ളാൻ കഴിയുന്ന അത്ര വിധത്തിൽ മാഷ് നമ്മളോട് സംസാരിച്ചിട്ടുണ്ട്. ഇവിടെ മാത്രമല്ല ജില്ലയിലെ മിക്കവാറും വീഥികളിൽ മാഷ് സംസാരിച്ചിട്ടുണ്ട്. പ്രഭാഷണം അതോടൊപ്പം തന്നെ എഴുത്ത്, സാമൂഹിക പ്രവർത്തനം എല്ലാ തലങ്ങളിലും മാഷ് നമ്മളോടൊപ്പം ഉണ്ടായിരുന്നു. മാഷ് നമുക്ക് വെളിച്ചമായി ഉണ്ടായിരുന്നു. എറണാകുളത്തിന് ഇപ്പോൾ ആരെയാണ് അത്തരം ഒരു കാര്യത്തിന് സമീപിക്കുക എന്ന് ആലോചിക്കുമ്പോൾ വല്ലാത്ത ശൂന്യതയാണ് മുന്നിലുള്ളത്.
മാഷ് ജീവിതത്തെ ഏറെ ആഹ്ലാദത്തോടെയാണ് സമീപിച്ചിരുന്നത്. സാമൂഹിക പ്രതിബദ്ധതയോടെ ജീവിച്ചു. 98ാം -മത്തെ വയസ്സിലാണ് തപസ്വിനി അമ്മയെ കുറിച്ചുള്ള ജീവിതചരിത്രം എഴുതിയത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആഗ്രഹങ്ങളിൽ ഒന്നായിരുന്നു എസ് എൻ വി സദനത്തിന്റെ സ്ഥലത്തിനുള്ള പട്ടയം കൈമാറുക എന്നത്. ഈ പരിപാടിയിലാണ് മാഷുമായി അവസാനം പങ്കെടുത്തത്. അന്ന് അദ്ദേഹം ആമുഖപ്രസംഗവും നടത്തി. അപ്പോഴും വളരെ ആഴത്തിലുള്ള ചിന്തകൾ ആയിരുന്നു. തപസ്വിനി അമ്മയെക്കുറിച്ചും സദനത്തെക്കുറിച്ചും ഇന്നത്തെ സമൂഹത്തെ കുറിച്ചും ആറ്റിക്കുറുക്കിയ വാക്കിൽ അദ്ദേഹം സംസാരിച്ചു.
മലയാളികളുടെ, കേരളീയ സമൂഹത്തിൻ്റെ എന്നിങ്ങനെ എല്ലാ തലങ്ങളിലും മാഷിൻ്റെ വിയോഗം ശൂന്യതയായി തുടരുന്നുണ്ടെങ്കിലും മാഷ് ആഗ്രഹിച്ച, പ്രകാശിപ്പിച്ച, നിരന്തരം പുതുക്കി പണിതുകൊണ്ടിരുന്ന മലയാളികളുടെ ആശയലോകത്തെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. സാനു മാഷിൻ്റെ ഓരോ പ്രസംഗവും ഓരോ അനുഭവമായാണ് കേട്ടിരുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അനുശോചന യോഗത്തിൽ പറഞ്ഞു. സാമൂഹിക സാംസ്കാരിക പൊതുമണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന സാനു മാഷ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റിനിർത്താൻ ആവാത്ത ഒരാളാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. ഒരുപാട് തലമുറയ്ക്ക് അറിവിന്റെയും അക്ഷരത്തിന്റെയും വെളിച്ചം പകർന്നു. പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യ സമൂഹത്തിനായി സംസാരിച്ചു. ഒരു മാതൃകാ അധ്യാപകൻ എങ്ങനെ ആവണം എന്ന് എല്ലാവർക്കും കാണിച്ചുകൊടുത്ത വ്യക്തിയാണ് മാഷ് എന്നും മന്ത്രി പറഞ്ഞു. ടൗൺഹാളിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ കെ.എൻ ഉണ്ണികൃഷ്ണൻ, ടി ജെ വിനോദ്, കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള,
സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ്, എം.എ ബേബി, എം.വി ഗോവിന്ദൻ, മുൻ എം.പി സെബാസ്റ്റ്യൻ പോൾ, എസ് സതീഷ് മറ്റ് വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, മറ്റ് രാഷ്രീയ- സാമൂഹ്യ- സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.