/kalakaumudi/media/media_files/2025/01/23/9zQrbEl3eqoY5Ku6tqcX.jpg)
കൊച്ചി: പ്രായധിക്യത്തിന്റെ ക്ഷീണംമറന്ന് സാനുമാഷ് വീണ്ടും അദ്ധ്യാപകനായി. കാൽ നൂറ്റാണ്ടിലേറെ ലക്ചറർ ആയിരുന്ന മഹാരാജാസ് കോളേജിലെ മലയാളം ഡിപ്പാർട്ട്മെന്റ് ബി.എ മൂന്നാം വർഷ ക്ളാസ് മുറിയിലാണ് വീണ്ടുമെത്തിയത്.
അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക് കടന്നുപോയവരാണ് കുമാരനാശാന്റെ കഥാപാത്രങ്ങളെല്ലാമെന്ന് പ്രൊഫ. എം.കെ. സാനു വിശദീകരിച്ചു. കണ്ണും കാതും കൂർപ്പിച്ച് പൂർവവിദ്യാർത്ഥികൾ ഇരുന്നു. പതിറ്റാണ്ടുകൾക്കുമുമ്പ് മാഷിന്റെ ബി.എ, എം.എ വിദ്യാർത്ഥികളായിരുന്നവർ ഉൾപ്പടെ 70ഓളം പേർ. 94 പിന്നിടുന്ന ഗുരുനാഥന്റെ ക്ളാസ് കേൾക്കാൻ കോളേജിലെ റെഗുലർ വിദ്യാർത്ഥികളും മറ്റ് അദ്ധ്യാപകരും പുറത്ത് തിക്കിതിരക്കി.
ആശാന്റെ കാവ്യസങ്കല്പത്തെക്കുറിച്ചായിരുന്നു സാനുമാഷിന്റെ ക്ളാസ്. വീണപൂവ്, ലീല, നളിനി, ദുരവസ്ഥ, കരുണ, ചിന്താവിഷ്ടയായ സീത തുടങ്ങിയ കൃതികളിൽ നിന്നുള്ള നിരവധി വരികൾ ഉദ്ധരിച്ചു വ്യാഖ്യാനിച്ചു. ആശാന്റെ ജീവചരിത്രകാരൻ എന്ന നിലിയൽ ആശാന്റെ നോട്ടുബുക്കുകൾ നേരിട്ട് പരിശോധിച്ച അനുഭവവും അദ്ദേഹം പങ്കുവച്ചു. 'മോഡേൺ റിവ്യു" എന്ന പ്രസിദ്ധീകരണത്തിൽ വന്ന ലൈല മജ്നു കഥയാകണം ലീല ആയതെന്ന് അദ്ദേഹം പറഞ്ഞു. ഷെല്ലി, കീറ്റ്സ് തുടങ്ങിയ പാശ്ചാത്യ കവികളുടെ സ്വാധീനം 'വീണപൂവ്" മുതൽ കാണാം. ശ്രീനാരായണഗുരുവും സഹോദരൻ അയ്യപ്പനുമായുള്ള സമ്പർക്കവും ആശാനെ രൂപപ്പെടുത്തിയ ഘടകങ്ങളാണ്. ലോകത്തോടുള്ള പ്രേമവും അനുതാപവുമാണ് ആശാനെ കവിയാക്കിയതെന്നും സാനുമാഷ് പറഞ്ഞു. ഒന്നര മണിക്കൂർ ക്ളാസിനു ശേഷം വിദ്യാർത്ഥികൾക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയും എടുത്താണ് മാഷ് മടങ്ങിയത്.
മഹാരാജാസിൽ വീണ്ടും ക്ലാസെടുക്കാനുള്ള ആഗ്രഹം കൊച്ചി സർവകലാശാല റിട്ട. പ്രൊഫസർ അമ്പാട്ട് വിജയകുമാറിനോട് സാനു മാഷ് സൂചിപ്പിച്ചിരുന്നു. തുടർന്ന് അലുമ്നി കണക്ട് ആൻഡ് മഹാരാജാസ് അലുമ്നി അസോസിയേഷൻ മുന്നിട്ടിറങ്ങി.
വകുപ്പദ്ധ്യക്ഷ പ്രൊഫ. സുമി ജോയി ഓലിയപ്പുറം. പി.ടി.എ സെക്രട്ടറി ഡോ.എം.എസ്. മുരളി, സിമി കെ.വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി. സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി ആർ. ഗോപാലകൃഷ്ണനും പങ്കെടുത്തു.