/kalakaumudi/media/media_files/2026/02/24/attkal-2026-02-24-15-37-07.jpg)
തിരുവനന്തപുരം: അമ്മേ ശരണം ദേവീശരണം ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിന്റെ അംബ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മോഹൻലാൽ ഉരുവിട്ട ആദ്യ വാക്കുകൾ ക്ഷേത്രസന്നിധിയിൽ തിങ്ങിക്കൂടിയ ആയിരങ്ങളുടെ മനസ്സിൽ ആത്മനിർവൃതിയായി.
വാക്കുകൾ അപ്രസക്തമാകുന്ന വൈകാരിക തലത്തിലാണ് താൻ ആറ്റുകാലമ്മയുടെ മുന്നിൽ നിൽക്കുന്നതെന്ന് കൂപ്പു കൈകളോടെ മോഹൻലാൽ പറഞ്ഞു. ഈയിടെ എന്നെ വിട്ടുപോയ എന്റെ സ്വന്തം അമ്മയുടെ നിറവാർന്ന ഓർമ്മകൾമനസ്സ് നിറഞ്ഞു നിൽക്കുന്നു.
അമ്മ ആറ്റുകാലമ്മയുടെ ഭക്തയായിരുന്നു. എത്രയോവർഷങ്ങൾ പൊങ്കാലയിട്ടു. ജീവിച്ചിരുന്നെങ്കിൽ താൻ ഈ പുരസ്‌കാരം സ്വീകരിക്കുന്നത് കാണുമ്പോൾ അമ്മ ഏറ്റവും സന്തോഷിക്കുമായിരുന്നു. അദ്ദേഹം പറഞ്ഞു.
ജീവിതത്തിലെ നിർണായകമായ 2 കാര്യങ്ങൾ ആറ്റുകാലമ്മയ്ക്ക് മുന്നിലായിരുന്നു. 1978 സെപ്റ്റംബർ 3 ന് തിരനോട്ടത്തിന്റെ പൂജ ഇവിടെയായിരുന്നു. 1988 ഏപ്രിൽ 28 ന് സുചിത്രയെ താലി കെട്ടിയതും ഈ തിരുനടയിൽ വച്ചാണ് ദാമ്പത്യം 36 വർഷം പിന്നീടുന്നു.
ഞങ്ങളുടെ സൗഭാഗ്യം അമ്മയുടെ അനുഗ്രഹമാണ്. തിരുവനന്തപുരത്തുകാർക്ക് ആറ്റുകാൽ ഒരു വികാരമാണ്. പൊങ്കാല തലസ്ഥാനത്തിന്റെ തിരുവാഭരണമാണ്.
ഏതൊരു തിരുവനന്തപുരത്തു കാരനെപ്പോലെയും തന്റെ കൗമാരവും ആറ്റുകാൽ ദർശനവും പൊങ്കാല അനുഭവവുമായി ബന്ധപ്പെട്ടതാണ് പൊങ്കാല ദിവസമാകുമ്പോൾ നാടു മുഴുവൻ അടുപ്പുകളും ഭക്തരുമായിരിക്കും.
ആറ്റുകാലിലേക്ക് വന്നിരുന്ന വിളക്കുകെട്ട് ഘോഷയാത്രകൾ മുടവൻമുകളുകാർക്ക് ഉത്സവമായിരുന്നു.
ഒരോ പ്രദേശത്തുനിന്നുമുള്ള ഘോഷയാത്രകൾക്ക് അന്നുചപ്രമെഴുന്നള്ളത്ത് എന്നാണ് പറഞ്ഞിരുന്നത്. സപ്രമഞ്ചലിന്റെ പ്രാദേശിക രൂപമായിരിക്കാം അത്. ഇന്നത് വിളക്കുകെട്ട് എന്നാണറിയപ്പെടുന്നത്.
പല തലത്തിലുള്ള ബഹുമതികൾ സ്വീകരിക്കാൻ 48 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ സാധിച്ചു. എങ്കിലും വളർന്ന മണ്ണിലെ മനസ്‌സുകൊണ്ട് കുമ്പിടുന്ന ഭഗവതിയുടെ പേരിലുള്ള പുരസ്‌കാരം അതിന്റെ ആത്മീയചൈതന്യം കൊണ്ട് സവിശേഷമാണെന്നും മോഹൻലാൽ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
