/kalakaumudi/media/media_files/2025/02/23/zz4ox9vwcEEjLBz3WFOB.jpg)
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനു തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റു വഴികളുണ്ടെന്ന് ശശി തരൂര്‍ എംപി. സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അവകാശത്തെ ജനം അംഗീകരിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് നാല് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതെന്നും ശശി തരൂര്‍ പറഞ്ഞു. ഇംഗ്ലിഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ പരാമര്‍ശം.
കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു പ്രധാന നേതാവിന്റെ അഭാവമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. പാര്‍ട്ടി അടിത്തട്ടില്‍നിന്നു തന്നെ വോട്ടര്‍മാരെ ആകര്‍ഷിക്കണം. നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് മൂന്നാം തവണയും കേരളത്തില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കോണ്‍ഗ്രസിന് ദേശീയതലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ട്. പല ഏജന്‍സികള്‍ നടത്തിയ സര്‍വേകളിലും താന്‍ നേതൃപദവിക്ക് യോഗ്യനെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സോണി ഗാന്ധിയും മന്‍മോഹന്‍ സിങ്ങും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടതു കൊണ്ടാണ് പാര്‍ട്ടിയിലെത്തിയത്. തന്റെ കഴിവുകള്‍ പാര്‍ട്ടി വിനിയോഗിക്കണം. ഘടകക്ഷികള്‍ തൃപ്തരല്ലെന്നും തരൂര്‍ പറഞ്ഞു.