റഹീമിൻറെ മോചനം ഉടൻ: ദയാധനം സ്വീകരിച്ച് മാപ്പു നൽകാമെന്ന് സൗദി കുടുംബം റിയാദ് കോടതിയിൽ അറിയിച്ചു

തുക കൈമാറുന്നതു സംബന്ധിച്ച് സൗദി ഇന്ത്യൻ എംബസി വിദേശകാര്യ മന്ത്രാലയത്തിൻറെ അനുമതി തേടിയിട്ടുണ്ട്.

author-image
Vishnupriya
Updated On
New Update
abdul raheem

അബ്ദുൽ റഹീം

Listen to this article
0.75x 1x 1.5x
00:00 / 00:00

റിയാദ്/ഫറോക്ക്: വധശിക്ഷ വിധിക്കപ്പെട്ടു സൗദി ജയിലിൽ കഴിയുന്ന  അബ്ദുൽ റഹീമിൻറെ മോചനത്തിനു വഴിയൊരുങ്ങുന്നു. മോചനദ്രവ്യം സ്വീകരിച്ചു റഹീമിനു മാപ്പു നൽകാൻ തയാറാണെന്നു മരിച്ച സൗദി ബാലൻറെ കുടുംബം റിയാദ് കോടതിയിൽ അറിയിച്ചു. ദയാധനമായി കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപ സ്വരൂപിച്ചതായി റഹീമിൻറെ അഭിഭാഷകൻ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. റഹീമിനു മാപ്പു നൽകണമെന്നാവശ്യപ്പെട്ടു കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തിരുന്നു. തുടർന്നാണു ദയാധനം സ്വീകരിച്ച് മാപ്പു നൽകാൻ തയാറാണെന്നു സൗദി കുടുംബം അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചത്.

തുക കൈമാറുന്നതു സംബന്ധിച്ച് സൗദി ഇന്ത്യൻ എംബസി വിദേശകാര്യ മന്ത്രാലയത്തിൻറെ അനുമതി തേടിയിട്ടുണ്ട്. ജനകീയ കൂട്ടായ്മയിലൂടെ സമാഹരിച്ച തുക ആദ്യം ബാങ്കിൽ നിന്നു വിദേശകാര്യ മന്ത്രാലയത്തിനു കൈമാറണം. അതു പിന്നീട് ഇന്ത്യൻ എംബസി മുഖേനയാകും റിയാദ് കോടതി അറിയിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്കു മാറ്റുക. 

തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ത്യൻ എംബസി പ്രതിനിധിയും സൗദിയിലെ അബ്ദുൽ റഹീം നിയമസഹായ സമിതി ഭാരവാഹികളും സൗദി കുടുംബത്തിൻറെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. നടപടികൾ വേഗത്തിലാക്കാൻ നിയമസഹായ സമിതി ഊർജിത ഇടപെടൽ നടത്തുന്നുണ്ട്. ജോലി ചെയ്തിരുന്ന വീട്ടിലെ ഭിന്നശേഷിക്കാരനായ ബാലൻറെ മരണത്തിന് അബദ്ധവശാൽ കാരണമായതിനെ തുടർന്നാണു റഹീമിനു സൗദി കോടതി ശിക്ഷ വിധിച്ചത്.

saudi arabia abdul raheem