/kalakaumudi/media/media_files/2025/01/21/jisyJ9RpEExCkUeXdyWR.jpg)
മൂവാറ്റുപുഴ: മഞ്ഞള്ളൂർ പഞ്ചായത്തിലെ നീറമ്പുഴ കവലയിൽ കുട്ടികളുമായി പോയ സ്കൂൾ ബസ് കത്തിനശിച്ചു. ആർക്കും പരിക്കില്ല. വാഴക്കുളത്തെ സെന്റ് ലിറ്റിൽ തെരേസാസ് സ്‌കൂളിലെ ബസാണ് കത്തിയത്. 28 കുട്ടികളും ആയയുമാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ മുൻ ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ അവസരോചിതമായി ഇടപെടുകയായിരുന്നു. ഉടനെ ബസ് നിറുത്തി കുട്ടികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. തൊട്ടുപിന്നാലെ തീ ഉയരുകയും ബസ് പൂർണമായും കത്തി നശിക്കുകയുമായിരുന്നു. ഇന്നലെ രാവിലെ 9.20നാണ് സംഭവം.
കല്ലൂർക്കാട് ഫയർഫോഴ്‌സ് യൂണിറ്റെത്തിയാണ് തീയണച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി.എസ്. നോബിളിന്റെ നേതൃത്വത്തിൽ ഗ്രേഡ് സീനിയർ ഓഫീസർ സിനു കെ.ടി, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ കെ. പ്രമോദ്, എം. ജിജീഷ് , വി. മനീഷ്, നിഷാദ് എന്നിവർ നേതൃത്വം നൽകി. കല്ലൂർക്കാട് പൊലീസ് ഇൻസ്‌പെക്ടർ കെ. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി.