ഏപ്രില്‍, മെയ് മാസങ്ങളിലെ അവധി, ജൂണ്‍, ജൂലൈ മാസത്തിലേക്ക് മാറ്റാം; മന്ത്രി വി ശിവന്‍കുട്ടി

നിര്‍ദ്ദേശങ്ങള്‍ കമന്റുകള്‍ ആയി രേഖപ്പെടുത്താമെന്ന് വിദ്യാഭ്യാസമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കാം മാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു

author-image
Biju
New Update
shivan

തിരുവനന്തപുരം: സ്‌കൂള്‍ വേനലവധി പരിഷ്‌കാരം, അടിയന്തര പൊതു ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി. പൊതുജനാഭിപ്രായം തേടാന്‍ തീരുമാനം. വേനലവധി മാറ്റുന്നതിനുള്ള ഗുണങ്ങളും ദോഷങ്ങളും ജനങ്ങള്‍ക്ക് അറിയിക്കാം. കുട്ടികളുടെ പഠനം ആരോഗ്യം എന്നിവയെ എങ്ങനെ ബാധിക്കുമെന്ന് നിര്‍ദ്ദേശിക്കാം. നിര്‍ദ്ദേശങ്ങള്‍ കമന്റുകള്‍ ആയി രേഖപ്പെടുത്താമെന്ന് വിദ്യാഭ്യാസമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കാം മാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സംഘടന പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ കാരണം ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും ചെയ്യുന്ന സാഹചര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിനാലാണ് പൊതുചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകും? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങള്‍ നമുക്ക് എങ്ങനെ മാതൃകയാക്കാം? തുടങ്ങിയ വിഷയങ്ങളിലാണ് മന്ത്രി അഭിപ്രായം ആരാഞ്ഞത്.

മന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

കേരളത്തിലെ നമ്മുടെ സ്‌കൂള്‍ അവധിക്കാലം നിലവില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.
ഈ സാഹചര്യത്തില്‍, സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. ഈ വിഷയത്തില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയാന്‍ ആഗ്രഹിക്കുന്നു.
ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങള്‍ നമുക്ക് എങ്ങനെ മാതൃകയാക്കാം?
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക. ഈ വിഷയത്തെക്കുറിച്ച് ഒരു ക്രിയാത്മകമായ ചര്‍ച്ചയ്ക്ക് തുടക്കമിടാന്‍ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു.
നിങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

Kerala minister Sivankutty