/kalakaumudi/media/media_files/2026/01/14/kala3-2026-01-14-08-25-40.jpg)
തൃശൂര്‍: 64-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും. തേക്കിന്‍കാട് മൈതാനിയിലെ 'സൂര്യകാന്തി' എന്ന പ്രധാന വേദിയില്‍ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവത്തിന് തിരികൊളുത്തും. രാവിലെ 9 നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പതാക ഉയര്‍ത്തും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സ്വാഗതസംഘം ചെയര്‍മാന്‍ മന്ത്രി കെ. രാജന്‍ എന്നിവരടക്കം ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന കലാമേളയില്‍ 239 ഇനങ്ങളില്‍ പതിനയ്യായിരം പ്രതിഭകള്‍ മാറ്റുരക്കും. 25 വേദികളിലായാണ് മത്സരം നടക്കുക. 25 ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 96ഉം ഹയര്‍സെക്കന്‍ഡറിയില്‍ 105ഉം സംസ്‌കൃത, അറബി കലോത്സവങ്ങളില്‍ 19ഉം വീതം ഇനങ്ങള്‍ നടക്കും. 12,000നും 14,000നും ഇടയില്‍ കുട്ടികള്‍ പങ്കെടുക്കുമെന്നാണു കണക്ക്.
ഇത്തവണ ഓരോ വേദിക്കും പൂക്കളുടെ പേരാണ് നല്‍കിയിരിക്കുന്നത്. വേദികളുടെ പേരുകളില്‍ താമര ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധം ഉയര്‍ന്നതോടെ വേദി 15ന് താമര എന്ന പേരിടുകയായിരുന്നു.
18-ാം തീയതിയാണ് സ്‌കൂള്‍ കലോത്സവത്തിന് കൊടി ഇറങ്ങുക. കലോത്സവത്തില്‍ ഓവറോള്‍ ജേതാക്കളാകുന്ന ജില്ലയ്ക്കു 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പാണു സമ്മാനം. കഴിഞ്ഞ കലോത്സവത്തില്‍ തൃശൂര്‍ ആണ് കിരീടം ചൂടിയത്. ഇത്തവണയും കപ്പിനായുള്ള പോരാട്ടം കടുപ്പമേറുമെന്ന് ഉറപ്പാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
