പാമ്പ് ശല്യം രൂക്ഷം; ബാഗും ഷൂസും ക്ലാസിന് പുറത്തു വയ്ക്കരുതെന്ന് മാര്‍ഗരേഖ

പാമ്പുകടി ചികിത്സയ്ക്ക് കൂടുതല്‍ ഇനം പാമ്പുകളുടെ ആന്റിവെനം തയാറാക്കാന്‍ പഠനം വേണമെന്നും ആരോഗ്യ അധികൃതരെ അറിയിക്കേണ്ട രോഗങ്ങളുടെ കൂട്ടത്തില്‍ പാമ്പുകടി ഉള്‍പ്പെടുത്തണമെന്നും ചീഫ് സെക്രട്ടറി വിളിച്ചുകൂട്ടിയ യോഗത്തില്‍ നിര്‍ദേശമുണ്ടായി

author-image
Biju
New Update
school 2

തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികളുടെ ബാഗും ഷൂസും പാമ്പുകള്‍ കയറുന്ന തരത്തില്‍ ക്ലാസിനു പുറത്തു സൂക്ഷിക്കരുതെന്നും കെട്ടിടത്തിലും പരിസരങ്ങളിലും പാമ്പിനു കയറിയിരിക്കാവുന്ന സാഹചര്യങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളുമായി സ്‌കൂള്‍ സുരക്ഷാ മാര്‍ഗരേഖയുടെ കരട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. 

പാമ്പുകടി ചികിത്സയ്ക്ക് കൂടുതല്‍ ഇനം പാമ്പുകളുടെ ആന്റിവെനം തയാറാക്കാന്‍ പഠനം വേണമെന്നും ആരോഗ്യ അധികൃതരെ അറിയിക്കേണ്ട രോഗങ്ങളുടെ കൂട്ടത്തില്‍ പാമ്പുകടി ഉള്‍പ്പെടുത്തണമെന്നും ചീഫ് സെക്രട്ടറി വിളിച്ചുകൂട്ടിയ യോഗത്തില്‍ നിര്‍ദേശമുണ്ടായി.

ബത്തേരിയിലെ സ്‌കൂള്‍ വിദ്യാര്‍ഥിക്കു സ്‌കൂളില്‍ വച്ചു പാമ്പുകടിയേറ്റ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കുളത്തൂര്‍ ജയ്‌സിങ് നല്‍കിയ ഹര്‍ജിയാണു ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. 

വിവിധ വകുപ്പുകളുടെ ഉള്‍പ്പെടെ അഭിപ്രായം ആരാഞ്ഞ ശേഷം മാര്‍ഗരേഖ അന്തിമമാക്കുമെന്നു ചീഫ് സെക്രട്ടറി അറിയിച്ചു. സ്‌കൂളുകളിലെ സുരക്ഷ ഓഡിറ്റ്, അപകട സാഹചര്യങ്ങളിലെ മെഡിക്കല്‍ റെസ്‌പോണ്‍സ് തുടങ്ങി നിര്‍ദേശങ്ങള്‍ വികസിപ്പിച്ചാണു മാര്‍ഗരേഖ രൂപീകരിച്ചിട്ടുള്ളത്. ആന്റിവെനവും പീഡിയാട്രിക് ചികിത്സയും മറ്റും ലഭ്യമായ ആശുപത്രികളുടെ പട്ടിക സ്‌കൂളുകളില്‍ സൂക്ഷിക്കുകയും താലൂക്ക് തലം മുതല്‍ ആശുപത്രികളില്‍ ആന്റിവെനം ഉറപ്പാക്കുകയും വേണം.