മേപ്പാടിയിലേക്ക് ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും പ്രവേശിക്കരുത്; മാധ്യമങ്ങളോട് സംസാരിക്കുന്നതും വിലക്കി

ദുരന്തത്തിന് കാരണമായവയെക്കുറിച്ചും മറ്റുമുള്ള ചർച്ചകൾ ഉയരുന്ന സാഹചര്യത്തിൽ ഇതിനെ ഇല്ലാതാക്കുക എന്നതു ലക്ഷ്യമിട്ടാണ് ഈ വിലക്ക് എന്നാണ് ശാസ്ത്രസമൂഹത്തിനുള്ളിൽ ഉയർന്നിട്ടുള്ള വിമർശനം.

author-image
Vishnupriya
New Update
death rate
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: വയനാട് ഉരുൾപൊട്ടലുണ്ടായ സ്ഥലം സന്ദർശിക്കുന്നതിനു ശാസ്ത്രജ്ഞർക്കും സാങ്കേതിക വിദഗ്ധർക്കും വിലക്ക്. ദുരന്തത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റിയാണ് ശാസ്ത്ര സാങ്കേതിക വകുപ്പിന് ഇതു സംബന്ധിച്ച നിർദേശം നൽകിയത്. മുഖ്യമന്ത്രിയുടെ കീഴിലുള്ളതാണു രണ്ടു വകുപ്പുകളും.

വയനാട്ടിലെ മേപ്പാടി പഞ്ചായത്തു ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ഇവിടം സന്ദർശിക്കരുതെന്നു എല്ലാ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾക്കും നിർദേശം നൽകണമെന്നാണു സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഫ. കെ.പി.സുധീറിന് അയച്ച കത്തിൽ പറയുന്നത്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും പ്രഫ. സുധീറാണ്. തങ്ങളുടെ അഭിപ്രായങ്ങൾ മാധ്യമങ്ങളോടു പറയരുതെന്നും പഠന റിപ്പോർട്ടുകൾ പങ്കുവയ്ക്കരുതെന്നും ശാസ്ത്ര, സാങ്കേതിക വിദഗ്ധർക്കു നിർദേശം നൽകണം എന്നതാണു മറ്റൊരു നിർദ്ദേശം. ദുരന്ത മേഖലകളിൽ ഏതെങ്കിലും തരത്തിലുള്ള പഠനം നടത്തണമെങ്കിൽ സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റിയിൽനിന്ന് മുന്‍കൂർ അനുമതി നേടിയിരിക്കണം എന്നും കത്തിൽ സൂചിപ്പിക്കുന്നു.

ദുരന്തത്തിന് കാരണമായവയെക്കുറിച്ചും മറ്റുമുള്ള ചർച്ചകൾ ഉയരുന്ന സാഹചര്യത്തിൽ ഇതിനെ ഇല്ലാതാക്കുക എന്നതു ലക്ഷ്യമിട്ടാണ് ഈ വിലക്ക് എന്നാണ് ശാസ്ത്രസമൂഹത്തിനുള്ളിൽ ഉയർന്നിട്ടുള്ള വിമർശനം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ശാസ്ത്രജ്ഞരെയും മറ്റു വിദഗ്ധരെയും ഉദ്ധരിച്ച് ഒട്ടേറെ റിപ്പോർട്ടുകൾ ഇതിനകം തന്നെ പുറത്തുവന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു നീക്കമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Wayanad landslide