പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം ;ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരവുമായി ഹര്‍ഷിന

ഹർഷിനയുടെ സത്യഗ്രഹം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോർജ് പറഞ്ഞു പറ്റിച്ചെന്നും സമരപ്പന്തലിൽ എത്തി കെട്ടിപ്പിടിച്ച് ഉമ്മ വച്ചതല്ലാതെ നീതി ലഭിച്ചില്ലെന്നും ഹർഷിന പറഞ്ഞു

author-image
Devina
New Update
harshi

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ തിരുവന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുൻപിൽ സത്യഗ്രഹം തുടങ്ങി കെ കെ ഹർഷിന. സംഭവം നടന്ന് നാലര വർഷം കഴിഞ്ഞിട്ടും സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ഏകദിന സമരം.കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്.

ഇക്കാര്യം അന്വേഷണങ്ങളിൽ വ്യക്തമായിട്ടും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകുന്നില്ല. ഡോക്ടർമാർക്കെതിരായ കേസിന് ഹൈക്കോടതി സ്റ്റേ നൽകുകയും ചെയ്തു. ഇത് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. ഇക്കാര്യങ്ങൾ ഉന്നയിച്ചാണ് വീണ്ടും സമരത്തിനിറങ്ങാനുള്ള തീരുമാനം. നേരത്തെ 104 ദിവസം തുടർച്ചയായി കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിലും ഹർഷിന സമരം നടത്തിയിരുന്നു.

ഹർഷിനയുടെ സത്യഗ്രഹം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോർജ് പറഞ്ഞു പറ്റിച്ചെന്നും സമരപ്പന്തലിൽ എത്തി കെട്ടിപ്പിടിച്ച് ഉമ്മ വച്ചതല്ലാതെ നീതി ലഭിച്ചില്ലെന്നും ഹർഷിന പറഞ്ഞു. 24 മണിക്കൂറും ഒപ്പം എന്ന് പറഞ്ഞിട്ട് കാര്യമില്ല . പ്രതിപക്ഷ നേതാവ് തന്ന ഒരു ലക്ഷം രൂപ കൊണ്ടാണ് ചികിൽസ നടത്തുന്നത്. ഇപ്പോൾ ആ പണവും തീർന്നെന്നും ജീവിക്കാൻ നിർവാഹമില്ലെന്നും ഹർഷിന പറഞ്ഞു