സ്കൂട്ടറിന്റെ ബാറ്ററി തകരാർ പരിഹരിച്ചില്ല: 33,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

എറണാകുളം മഴവന്നൂർ സ്വദേശി ജിജോ ജോർജ്, പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന ബോസ് ഇലക്ട്രോ വീൽസ് എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

author-image
Prana
New Update
ytr

Ola Scooter

ഇലക്ട്രിക് സ്കൂട്ടർ വാങ്ങി വാറന്റി കാലയളവിനുള്ളിൽ സ്കൂട്ടറിന്റെ ബാറ്ററി തകരാറിലാവുകയും അത് റിപ്പയർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയ എതിർകക്ഷി ബാറ്ററി, ചാർജർ എന്നിവയുടെ വിലയും നഷ്ടപരിഹാരവും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകുളം മഴവന്നൂർ സ്വദേശി ജിജോ ജോർജ്, പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന ബോസ് ഇലക്ട്രോ വീൽസ് എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 59,990/- രൂപ നൽകിയാണ് പരാതിക്കാരൻ എതിർകക്ഷിയിൽ നിന്നും നിന്നും ഇലക്ട്രിക് സ്കൂട്ടർ 2020 ആഗസ്റ്റിൽ വാങ്ങിയത്. സ്കൂട്ടറിന്റെ ബാറ്ററിക്ക് ഒരു വർഷത്തെ വാറന്റിയും നൽകിയിരുന്നു. എന്നാൽ സ്കൂട്ടർ വാങ്ങിയിട്ട് കുറച്ച് മാസം കഴിഞ്ഞപ്പോൾ തന്നെ ബാറ്ററി തകരാറിലായി. റിപ്പയർ ചെയ്യുന്നതിനായി എതിർകക്ഷിയെ സമീപിച്ചുവെങ്കിലും പഴയ ബാറ്ററി തന്നെ റിപ്പയർ ചെയ്ത് നൽകുകയാണ് എതിർകക്ഷി ചെയ്തത്. അതിനു ശേഷവും സ്കൂട്ടർ ഓടിക്കാൻ കഴിയാത്ത അവസ്ഥയിലായി, ഈ സാഹചര്യത്തിൽ സ്കൂട്ടർ റിപ്പയർ ചെയ്യുന്നതിനുവേണ്ടി പുതിയ ബാറ്ററി പണം നൽകി വാങ്ങുന്നതിന് പരാതിക്കാരൻ നിർബന്ധിതനായി. തുടർന്നാണ് നഷ്ടമായ തുകയും കോടതി ചെലവും ആവശ്യപ്പെട്ടു പരാതികാരൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. സ്കൂട്ടറിന്റെ പുതിയ ബാറ്ററിയും ചാർജറും വാങ്ങാൻ പരാതിക്കാരൻ നിർബന്ധിതമായ സാഹചര്യമാണ് എതിർകക്ഷികൾ സൃഷ്ടിച്ചത്. എതിർകക്ഷിയുടെ ഈ നടപടി അധാർമികമായ വ്യാപാര രീതിയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിലയിരുത്തി. ബാറ്ററി, ചാർജർ എന്നിവയുടെ വിലയായ 18,150/- രൂപയും, കോടതി ചിലവ്, നഷ്ടപരിഹാരം എന്നീ ഇനങ്ങളിൽ 15,000/- രൂപയും 30 ദിവസത്തിനകം പരതിക്കാരന് നൽകാൻ എതിർകക്ഷികൾക്ക് ഉത്തരവ് നൽകി.

scooter