കൊച്ചി: പൊലീസ് ക്യാന്റീൻ കാർഡ് ഉപയോഗിച്ച് എസ്.ഡി.പി.ഐക്കാരൻ ആനുകൂല്യം പറ്റിയെന്ന ആക്ഷേപത്തെ തുടർന്ന് കാർഡുടമയായ എ.എസ്.ഐക്ക് സസ്പെൻഷൻ. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ സലീമിനെതിരെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നടപടി.
പെരുമ്പാവൂർ പൊലീസ് ക്വാർട്ടേഴ്സിന് സമീപം പ്രവർത്തിക്കുന്ന സെൻട്രൽ പൊലീസ് ക്യാന്റീനിൽ നിന്ന് എസ്.ഡി.പി.ഐ പ്രവർത്തകൻ വി.കെ. ഷൗക്കത്തലിയാണ് കാർഡ് ഉപയോഗിച്ച് ആനുകൂല്യം പറ്റിയത്. ഇവിടത്തെ ഒരു ജീവനക്കാരന് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാർഡ് ദുരുപയോഗം പുറത്താവുകയായിരുന്നു. പൊലീസുകാർക്കും കുടുംബാംഗങ്ങൾക്കും ക്യാന്റീനിൽ നിന്ന് വില കുറച്ച് സാധനങ്ങൾ വാങ്ങാനാണ് കാർഡ് അനുവദിച്ചിട്ടുള്ളത്.
കഴിഞ്ഞ ഒരു മാസത്തിനിടെ റൂറൽ ജില്ലയിൽ പൊലീസിനെതിരെ നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷ്ടിച്ച ആടുകളെ പൊലീസുകാരൻ വാങ്ങിയ സംഭവം, ആലുവയിൽ മരിച്ച അന്യസംസ്ഥാനക്കാരന്റെ പേഴ്സിൽ നിന്ന് ഗ്രേഡ് എസ്.ഐ പണം മോഷ്ടിച്ച കേസ്, പെരുമ്പാവൂരിൽ എ.എസ്.പിയുടെ മെയിൽ ഐ.ഡി ദുരുപയോഗിച്ച് സി.പി.ഒ ബംഗാൾ പൊലീസിന് കത്ത് എഴുതിയ സംഭവം എന്നിങ്ങനെ സേനയ്‌ക്ക് നാണക്കേടുണ്ടാക്കിയ സംഭവങ്ങൾ നിരവധി.