കൊടകര കുഴല്‍പ്പണക്കേസില്‍ തിരൂര്‍ സതീഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ചാക്കുകെട്ടുകളില്‍ ആറരക്കോടി രൂപ എത്തിച്ചു എന്നായിരുന്നു തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍.

author-image
Prana
New Update
tirur satheesh

കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി. മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ രഹസ്യ മൊഴി കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. പൊലീസ് അകമ്പടിയിലാണ് തിരൂര്‍ സതീഷ് ഇന്നലെ വൈകിട്ട് 3.40ന് കോടതിയില്‍ എത്തിയത്. ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ചാക്കുകെട്ടുകളില്‍ ആറരക്കോടി രൂപ എത്തിച്ചു എന്നായിരുന്നു തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍.
അന്വേഷണസംഘം നേരത്തെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് രഹസ്യ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടപടി. ഉപതെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പി. നേതൃത്വത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലായിരുന്നു തിരൂര്‍ സതീഷ് നടത്തിയത്. 2021 ഏപ്രില്‍ ഏഴിനാണ് കൊടകര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 
2021ലെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് തൃശൂരിലെ ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസില്‍ ധര്‍മരാജന്‍ നാല് ചാക്കുകളിലായി ആറ് കോടി കുഴല്‍പ്പണം എത്തിച്ചെന്നും ധര്‍മരാജന്‍ ബി.ജെ.പി. ഓഫീസിലെത്തി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിയെന്നുമായിരുന്നു വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും തുടരന്വേഷണം നടത്താന്‍ തീരുമാനിച്ചത്. മൊഴി രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ തിരൂര്‍ സതീഷ് കോടതി മുന്‍പാകെ മൊഴി നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.

BJP case kodakara black money