തിരുവനന്തപുരം: കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ സെക്രട്ടേറിയറ്റിലെയും മുഖ്യമന്ത്രിയുടേത് ഉൾപ്പെടെ നാലു മന്ത്രി ഓഫീസുകളിലെയും ഒരുവിഭാഗം ജീവനക്കാർക്ക് സെപ്റ്റംബറിലെ ശമ്പളം അഞ്ചുദിവസം മുൻപ് നൽകി . സെക്രട്ടേറിയറ്റ് ട്രഷറിയിൽ സംഭവിച്ച കൈയബദ്ധമാണ് ശമ്പളം നേരത്തേ അക്കൗണ്ടിലെത്താൻ കാരണം.
ഒന്നാംതീയതി മുതലാണ് ശമ്പളം നൽകേണ്ടത്. എന്നാൽ, വ്യാഴാഴ്ച വൈകുന്നേരത്തോടെ ശമ്പളമെത്തി.സാധാരണയായി തലേമാസം 26 മുതൽ ശമ്പളബിൽ തയ്യാറാക്കും. അടുത്തമാസം ഒന്നിനാണ് ഇത് പാസാക്കി അക്കൗണ്ടുകളിലേക്ക് അയയ്ക്കുന്നത്. എന്നാൽ, സെക്രട്ടേറിയറ്റിലെ ട്രഷറിയിൽ ഒരുവിഭാഗം ശമ്പളബില്ലുകൾ അബദ്ധത്തിൽ വ്യാഴാഴ്ചതന്നെ പാസാക്കുകയായിരുന്നു.
അതേസമയം, ജീവനക്കാരിലേറെയും അപ്പോൾത്തന്നെ പണം പിൻവലിക്കുകയോ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്തെന്നാണ് വിവരം. അബദ്ധം മനസ്സിലാക്കി പണം തിരിച്ചുപിടിക്കുമോ എന്ന് ഭയന്നായിരുന്നു ഇത്. പിശക്കൈപ്പിഴ മനസ്സിലാക്കിയ ട്രഷറി ഉദ്യോഗസ്ഥർ അപ്പോൾത്തന്നെ ശമ്പളവിതരണം നിർത്തിവെച്ചു.
ഇത്തവണ സാമ്പത്തികപ്രതിസന്ധി കാരണം ശമ്പളം വൈകുമോ എന്ന് ആശങ്ക പരന്നിരുന്നു. ഇതിനിടെയാണ് ചരിത്രത്തിലാദ്യമായി അഞ്ചുദിവസം മുൻപ് ശമ്പളം കിട്ടിയത്. ഗുരുതരമായ ഈ പിഴവിനെപ്പറ്റി ധനകാര്യവകുപ്പ് അന്വേഷണം തുടങ്ങി. ട്രഷറി ഉദ്യോഗസ്ഥർക്കെതിരേ നടപടിക്ക് സാധ്യതയുണ്ട്.