/kalakaumudi/media/media_files/2025/07/12/jaganadha-2025-07-12-08-06-44.jpg)
ആലുവ: ഹോട്ടലിന്റെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് സെക്യൂരിറ്റി ജീവനക്കാരൻ തത്ക്ഷണം മരിച്ചു. ആലുവ ബൈപ്പാസിലെ 'താൽ കിച്ചൺ"ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരൻ കൊങ്ങോർപ്പിള്ളി ചെങ്ങോത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശി ജഗനാഥൻ (65) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. രാത്രി വൈകിയും പ്രവർത്തിക്കുന്ന ഹോട്ടൽ പൂട്ടിയ ശേഷം സ്ളൈഡിംഗ് ഗേറ്റ് അടയ്‌ക്കവേ ദേഹത്തേക്ക് വീഴുകയായിരുന്നു. ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗം നിലത്തടിച്ചതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം.
കൊങ്ങോർപ്പിള്ളി സ്വദേശിനി ഗ്രേസിയെ വിവാഹം കഴിച്ച് ഇവർക്കൊപ്പമായിരുന്നു ജഗനാഥന്റെ താമസം. എറണാകുളം ട്രിമ്പ് സെക്യൂരിറ്റി ഫോഴ്സിലെ ജീവനക്കാരനാണ്. ഗേറ്റ് ദേഹത്തേക്ക് വീഴുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആലുവ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.