ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതാവണം വികസനം, ഭരണാധികാരികള്‍ അത് തിരിച്ചറിയണം: സ്വാമി ശുഭാംഗാനന്ദ

നാളത്തെ തിരുവനന്തപുരം നഗരം എങ്ങനെയായിരിക്കണം, എന്തൊക്കെ വികസനമാണ് തലസ്ഥാനം ആവശ്യപ്പെടുന്നതെന്നുമുള്ളതായിരുന്നു കലാകൗമുദിയുടെ സെമിനാര്‍. സെമിനാറില്‍ പങ്കെടുത്ത് ജനപ്രതിനിധികളും വികസന നായകരും ജനങ്ങളും സംസാരിച്ചു

author-image
Rajesh T L
New Update
kalakaumudi seminar

തിരുവനന്തപുരം: നഗര സാരഥികള്‍ക്ക് കലാകൗമുദി ഒരുക്കിയ ആദരവിലും വികസന സെമിനാറിലും ഉയര്‍ന്നത് തലസ്ഥാന നഗരത്തിന്റെ സമഗ്ര വികസന നിര്‍ദ്ദേശങ്ങള്‍. വികസനം, വളര്‍ച്ചയും ഉയര്‍ച്ചയും ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്രദമാകണമെന്നും അത് ഭരണാധികാരികള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും കലാകൗമുദി വികസന സെമിനാര്‍ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട്  ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. നഗരസഭാ സാരഥികളെയും വികസന നായകരെയും അഗീകരിക്കുക വഴി കലാകൗമുദി നല്‍കിയത് അര്‍ഹതയുടെ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. 

നാളത്തെ തിരുവനന്തപുരം നഗരം എങ്ങനെയായിരിക്കണം, എന്തൊക്കെ വികസനമാണ് തലസ്ഥാനം ആവശ്യപ്പെടുന്നതെന്നുമുള്ളതായിരുന്നു കലാകൗമുദിയുടെ സെമിനാര്‍. സെമിനാറില്‍ പങ്കെടുത്ത് ജനപ്രതിനിധികളും വികസന നായകരും ജനങ്ങളും സംസാരിച്ചു. നിരവധി നിര്‍ദ്ദേശങ്ങളാണ് ചര്‍ച്ചയില്‍ മുന്നോട്ടുവന്നത്. ഹെല്‍ത്ത് ടൂറിസം, സ്പിരിച്വല്‍ ടൂറിസം, ഐടി വികസനം, അര്‍ബന്‍ മൊബിലിറ്റി സംവിധാനം, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ്, മെട്രോ റെയില്‍, വിഴിഞ്ഞം-നാവായ്ക്കുളം ഔട്ടര്‍ റിംഗ് റോഡ്, നഗരപാത ഇരട്ടിപ്പിക്കല്‍, തിരുനെല്‍വേലി-തിരുവനന്തപുരം ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍, സ്മാര്‍ട്ട് സിറ്റി 2.0, റോക്കറ്റ് സിറ്റി, വെളളായണി കായല്‍ പുനരുജ്ജീവനം, ആമയിഴഞ്ചാന്‍, പാര്‍വതീപുത്തനാര്‍ തോടുകളുടെ നവീകരണം, റിസേര്‍ച്ച് ക്ലസ്റ്റര്‍ സെന്റര്‍, നോളജ് സിറ്റി, ശുദ്ധവായു ലഭ്യത, വെളിച്ചം, ശുദ്ധജലം, കണക്ടിവിറ്റി സംവിധാനം, അടിസ്ഥാന സൗകര്യം ഉള്‍പ്പെടെ നിരവധി ആശയങ്ങളാണ് വികസന സെമിനാറില്‍ ഉയര്‍ന്നത്. 

ഡെപ്യൂട്ടി മേയര്‍ ജി എസ് ആശാനാഥ്, കൗണ്‍സിലര്‍മാരായ എസ് പി ദീപക്, കെ എസ് ശബരിനാഥ്, ആര്‍ക്കിടെക്ട് പത്മശ്രീ ജി ശങ്കര്‍, ചേംബര്‍ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, എസ്.യു.ടി ഹോസ്പിറ്റല്‍ സിഇഒ കേണല്‍ രാജീവ് മണ്ണാളി, ദേവസ്വം ബോര്‍ഡ് മുന്‍ സ്തപതി കെ. മുരളീധരന്‍ നായര്‍ എന്നിവര്‍ വികസന സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട നഗരസഭ പ്രതിനിധികളെയും സെമിനാറിയില്‍ പങ്കെടുത്തവരെയും സ്വാമി ശുഭാംഗാനന്ദ ആദരിച്ചു. ചടങ്ങില്‍ കലാകൗമുദി മാനേജിംഗ് ഡയറക്ടര്‍ സുകുമാരന്‍ മണി അദ്ധ്യക്ഷനായി. 

kalakaumudi seminar Thiruvananathapuram