/kalakaumudi/media/media_files/2025/05/21/1yxxQmYbzkqEPscKnKKp.jpeg)
കൊച്ചി: ആൻ്റിബയോട്ടിക് മരുന്നുകളുടെ അനിയന്ത്രിതമായ ഉപയോഗം മൂലമുണ്ടാകുന്ന വിപത്തിനെകുറിച്ച് ബോധവൽക്കരണവുമായി എൻ്റെ കേരളം പ്രദർശന വിപണന മേള.
മേളയുടെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ വിഭാഗം സംഘടിപ്പിച്ച സെമിനാറാണ് ശ്രദ്ധേയമായത്. ആന്റിബയോട്ടിക് പ്രതിരോധ പ്രവർത്തനങ്ങൾ കേരള മാതൃക എന്ന വിഷയത്തിൽ നടത്തിയ സെമിനാർ സംസ്ഥാന ഡ്രഗ്സ് കൺട്രോളർ ഡോ. കെ. സുജിത് കുമാർ ഉദ്ഘാടനം ചെയ്തു.
എറണാകുളം ജില്ലാ അസിസ്റ്റൻറ് ഡ്രഗ്സ് കൺട്രോൾ ഓഫീസർ സന്തോഷ് കെ മാത്യുവിൻ്റെ നേതൃത്വത്തിൽ നടന്ന സെമിനാറിൽ ദേശീയ ആരോഗ്യ ദൗത്യം എറണാകുളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പിഎസ് ശിവകുമാർ, തിരുവനന്തപുരം ജില്ല ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ സാജു ജോൺ, കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് സി.ഇ.ഒ ഡോ. എൻ.കെ പിള്ള, ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ആൻ്റണി തര്യൻ തുടങ്ങിയവർ സംസാരിച്ചു.
ആൻറിബയോട്ടിക്ക് പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കുന്നത് കേരളത്തിൽ മാത്രമാണെന്ന് പാനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു. ആൻറിബയോട്ടിക് മരുന്നുകൾ വിതരണം ചെയ്യുന്നതിന് ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള ചീട്ട് നിർബന്ധമാക്കിയിട്ടുണ്ട്. മരുന്നിൻ്റെ ഉപയോഗവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള നീലനിറത്തിലുള്ള കവറുകളിൽ വേണം ആൻറിബയോട്ടിക്ക് മരുന്നുകൾ വിതരണം ചെയ്യാനെന്നത് ഉത്തരവായിട്ടുണ്ടെനും പാനലിസ്റ്റുകൾ പറഞ്ഞു
ആൻ്റിബയോട്ടിക് മരുന്നുകളുടെ അനാവശ്യമായ ഉപയോഗം മൂലം മരുന്നുകൾക്കെതിരായ ബാക്ടീരിയകളുടെ പ്രതിരോധ ശേഷി വർധിക്കും. ഇത് മരുന്നുകളുടെ പ്രവർത്തനം ഇല്ലാതാക്കുമെന്ന് ഡോ. ശിവകുമാർ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് പറഞ്ഞു. ആൻറിബയോട്ടിക് പ്രതിരോധവുമായി ബന്ധപ്പെട്ട് ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് സാജു ജോൺ വ്യക്തമാക്കി. ഉപയോഗശൂന്യമായ ആൻറിബയോട്ടിക്ക് മരുന്നുകളുടെ സംസ്കരണം സംബന്ധിച്ച് ഡോ എൻ.കെ പിള്ളയും പ്രതിരോധവുമായി ബന്ധപ്പെട്ട് കെമിസ്റ്റുകളും ഡ്രഗിസ്റ്റുകളും ചെയ്യുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് ആൻറണി തര്യനും സംസാരിച്ചു.
വൈദ്യശാസ്ത്ര മേഖലയിലെ ഏറ്റവും പ്രധാന
കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് ആൻറിബയോട്ടിക്കുകൾ. കഴിഞ്ഞ 100 വർഷങ്ങളായി അണുബാധ മൂലം മരണങ്ങളുടെ നിരക്ക് 80 ശതമാനത്തിലധികം കുറയ്ക്കാൻ ആൻറിബയോട്ടിക്കുകൾ സഹായിച്ചിട്ടുണ്ട്. എന്നാൽ ഇവയുടെ അനാവശ്യവും അനിയന്ത്രിതവുമായ ഉപയോഗം ദൂരവ്യാപകമായ പ്രശ്നങ്ങൾക്കാണ് വഴിവെക്കുന്നത്. സ്ഥിരമായി ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് മൂലം മരുന്നുകൾക്കെതിരായ ബാക്ടീരിയകളുടെ പ്രതിരോധശേഷി വർദ്ധിക്കുകയും ചികിത്സ ഫലപ്രദമാകാതെ വരികയും ചെയ്യും.
ഈ സാഹചര്യം ഒഴിവാക്കുന്നതിനായി കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പ് നേതൃത്വം നൽകുന്നത്. ആൻറിബയോട്ടിക് മരുന്നുകളുടെ വിൽപ്പനയിൽ 300 കോടി രൂപയുടെ കുറവ് ഉണ്ടായത് ചിട്ടയായ പ്രവർത്തനങ്ങളുടെ ഫലമാണ്.
ഇത്തരം പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദവിവരങ്ങൾ മനസ്സിലാക്കാനും സംശയ നിവാരണത്തിനുമുള്ള അവസരം എൻറെ കേരളം പ്രദർശന വിപണന മേളയിലെ വകുപ്പിന്റെ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.