/kalakaumudi/media/media_files/2025/12/24/umesh-2025-12-24-15-04-34.jpg)
പത്തനംതിട്ട : സീനിയർ സിവിൽ പൊലീസ് ഓഫിസർ യു ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
പൊലീസ് സേനയിലെ നടപടികളെയും മേലുദ്യോഗസ്ഥരെയും സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം അപകീർത്തിപ്പെടുത്തി എന്നതടക്കം ആരോപിച്ചാണ് നടപടി.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടേതാണ് പിരിച്ചു വിടൽ ഉത്തരവ്.കോഴിക്കോട് സ്വദേശിയായ ഉമേഷ് നിലവിൽ പത്തനംതിട്ടയിലെ ആറന്മുള സ്റ്റേഷനിൽ ജോലി ചെയ്യുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു. പൊലീസ് സേനയുടെ സൽപേരിനു കളങ്കമുണ്ടാക്കി.
11 തവണ അച്ചടക്ക നടപടികൾ സ്വീകരിച്ചെങ്കിലും ഉമേഷ് നിരന്തരമായ അച്ചടക്ക ലംഘനം തുടർന്നെന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിൽ പറയുന്നു.
നിരന്തരം അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, സേനയുടെയും സർക്കാരിന്റെയും അന്തസ്സിന് കളങ്കം ചാർത്തൽ, ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായ പ്രതികളെ ന്യായീകരിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഉമേഷിനെതിരെ ആരോപിക്കുന്നു.
ഉമേഷിനെ ജോലിയിൽ തുടരാൻ അനുവദിക്കുന്നത് മൂലം സേനയുടെ മനോവീര്യം തകരുകയും സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടംതട്ടുമെന്നും ബോധ്യപ്പെട്ടതായി ഉത്തരവിൽ പറയുന്നു.
2003 ഡിസംബറിലാണ് ഉമേഷ് വള്ളിക്കുന്ന് പൊലീസ് സേനയിൽ ജോലിയിൽ പ്രവേശിച്ചത്.
പിരിച്ചുവിടൽ ഉത്തരവ് കൈപ്പറ്റി 60 ദിവസത്തിനുള്ളിൽ ഉമേഷിനു അപ്പീൽ നൽകാം.
സേനയിൽ നിന്നും പിരിച്ചുവിട്ട നടപടിക്കെതിരെ ഡിഐജിക്ക് അപ്പീൽ നൽകുമെന്നും ട്രൈബ്യൂണലിനെ സമീപിക്കുമെന്നും ഉമേഷ് പ്രതികരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
