/kalakaumudi/media/media_files/2025/09/11/pp-2025-09-11-16-42-18.jpg)
കൊച്ചി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും കെപിസിസി മുന്‍ പ്രസിഡന്റുമായ പി.പി.തങ്കച്ചന്‍ (86) അന്തരിച്ചു. വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
2004 മുതല്‍ 2018 വരെ യുഡിഎഫ് കണ്‍വീനറും 1982 മുതല്‍ 2001 വരെ പെരുമ്പാവൂര്‍ എംഎല്‍എയുമായിരുന്നു. മാര്‍ക്കറ്റ്ഫെഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അങ്കമാലിയില്‍ നിന്നു അഭിഭാഷകനായെത്തി പെരുമ്പാവൂരിലെ സാംസ്‌കാരിക നേതൃത്വത്തിലെത്തിയ ചരിത്രമാണ് പി.പി തങ്കച്ചന്റേത്. അങ്കമാലി നായത്തോടു പൈനാടത്ത് പരേതനായ ഫാ പൗലോസിന്റെ മകനായി 1939 ജൂലൈ 29ന് ജനിച്ചു.
നിയമബിരുദവും പൊതുഭരണത്തില്‍ ഡിപ്ലോമയും നേടി അങ്കമാലിയില്‍ അഡ്വ ഇട്ടി കുര്യന്റെ ജൂനിയറായി അഭിഭാഷകരംഗത്ത് പ്രവേശിച്ചു. നഗരസഭാ തിരഞ്ഞെടുപ്പില്‍ ആശ്രമം സ്‌കൂളിനു സമീപത്തെ വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തനത്തിലെത്തുന്നത്.1968 മുതല്‍ 1980 വരെ പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍മാനായിരുന്നു.
68ല്‍ സ്ഥാനമേല്‍ക്കുമ്പോള്‍ ഇന്ത്യയിലെ അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയര്‍മാനായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ മണ്ഡലം വൈസ്പ്രസിഡന്റ് പദത്തില്‍ തുടങ്ങി അദ്ദേഹം ബ്ലോക്ക് പ്രസിഡന്റ്ും എറണാകുളം ഡിസിസി പ്രസിഡന്റും പിന്നീട് 2004 ഏതാനും മാസം കെപിസിസി പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു.
1991-ല്‍ നിയമസഭാസ്പീക്കറായി. കേരള നിയമസഭയിലെ ഏറ്റവും പ്രഗത്ഭരായ സ്പീക്കര്‍മാരില്‍ ഒരാളായ പി പി തങ്കച്ചന്‍ പ്രതിപക്ഷത്തിന്റെ പോലും പ്രശംസ പിടിച്ചു പറ്റിയിരുന്നു.എംഎല്‍എമാര്‍ക്ക് ഒരു പഴ്സനല്‍ അസിസ്റ്റന്റിന്റെ സഹായം തേടാനുള്ള അനുമതി നല്‍കിയതു തങ്കച്ചന്‍ സ്പീക്കറായ കാലത്താണ്.
പിന്നാക്കക്ഷേമം, പരിസ്ഥിതി, സഭയുടെ മേശപ്പുറത്തു വയ്ക്കുന്ന കടലാസുകളുടെ ഉറപ്പു പാലിക്കുന്ന പരിശോധന എന്നിവയ്ക്കു വേണ്ടിയുള്ള സബ്ജക്ട് കമ്മിറ്റികള്‍ക്കു രൂപം നല്‍കിയതും ഇക്കാലയളവിലാണ്. 1992ല്‍ കേരളത്തില്‍ നിന്ന് ആദ്യമായി സഭാസ്പീക്കര്‍മാരുടെ സ്റ്റാഡിങ് കമ്മറ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. 1995-ല്‍ എ കെ ആന്റണി മന്ത്രിസഭയില്‍ മന്ത്രിയായി.കൃഷിമന്ത്രിയായിരിക്കെ തങ്കച്ചനാണ്കൃഷിക്കു സൗജന്യ വൈദ്യുതി നല്‍കാനുള്ള സുപ്രധാന തീരുമാനം എടുത്തത് .
യുഡിഎഫ് മുന്നണിയിലെ കക്ഷികളെ ഏകോപിച്ച് കൊണ്ടു പോകുന്നതിലും കോണ്‍ഗ്രസ് വിഭാഗിയതയുടെ നാളുകളിലും രാഷ്ട്രീയത്തിനപ്പുറം സൗഹൃദം കാത്തുസൂക്ഷിക്കുന്ന തങ്കച്ചന്റെ ശൈലി സമന്വയിത്തിന്റെ വഴികള്‍ തുറന്നു കൊടുത്തു.എക്കാലവും കെ. കരുണാകരന്റെ ഉറ്റ അനുയായി ആയിരുന്നു തങ്കച്ചന്‍. പക്ഷേ കരുണാകരന്‍ പാര്‍ട്ടിവിട്ട ഘട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം തന്നെ നിന്നു. എന്നാല്‍ ഇരുവരുടെയും വ്യക്തിപരമായ അടുപ്പത്തില്‍ അതു വിള്ളല്‍ വീഴ്ത്തിയതുമില്ല. ഗ്രൂപ്പിന്റെ മുന്‍നിരക്കാരനായി നില്‍ക്കുമ്പോഴും മിതവാദം കാത്തുസൂക്ഷിക്കുന്ന തങ്കച്ചന്‍ കോണ്‍ഗ്രസിലെ എ-ഐ വിഭാഗങ്ങള്‍ക്കു വിശ്വാസമുള്ള മധ്യസ്ഥനുമാണ്.
പാത്രിയാര്‍ക്കിസ് ബാവയില്‍ നിന്ന് യാക്കോബായ സഭയുടെ കമാന്‍ഡര്‍ പദവിയും ലഭിച്ചിട്ടുണ്ട്. ടി വി തങ്കമ്മയാണ് പത്‌നി. മൂന്നു മക്കള്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
