/kalakaumudi/media/media_files/2026/01/03/rameshhhhhhhhhhhhhhhhhhhhhhhhhhhhhhh-2026-01-03-12-02-01.jpg)
കോട്ടയം: ബലാത്സംഗക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പൊതു വേദിയിൽ അവഗണിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
പെരുന്നയിൽ എൻഎസ്എസ് സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷ പരിപാടിക്കിടെയാണ് പാലക്കാട് എംഎൽഎയെ കണ്ടഭാവം നടിക്കാതെ ചെന്നിത്തല കടന്നുപോയത്.
മാധ്യമങ്ങളുടെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ചടങ്ങിലേക്ക് കടന്നു വന്ന രമേശ് ചെന്നിത്തലയെ കണ്ട് നേരത്തെ തന്നെ സദസിൽ ഉണ്ടായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എഴുന്നേറ്റ് നിൽക്കുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെ രമേശ് ചെന്നിത്തല കണ്ടെങ്കിലും ഗൗനിക്കാതെ നടന്നുനീങ്ങുകയും ചെയ്തു.
മന്നം ജയന്തി പരിപാടിയിൽ പി ജെ കുര്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി സി വിഷ്ണുനാഥ്, എം കെ രാഘവൻ തുടങ്ങിയ നേതാക്കൾ ഇരുന്ന നിരയിൽ തന്നെയായിരുന്നു രാഹുലും ഇരുന്നത്.
അതേസമയം, പി ജെ കുര്യനുമായി രാഹുൽ മാങ്കൂട്ടം നടത്തിയ സംഭാഷണവും ശ്രദ്ധേയമായി.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് പുതിയ സ്ഥാനാർഥിയെ നിർത്തും എന്ന പിജെ കുര്യന്റെ പ്രസ്താവനയക്ക് പിന്നാലെയായിരുന്നു ഇരുവരുടെയും സംഭാഷണം.
ഇതിന് പിന്നാലെ നിലപാട് തിരുത്തി പിജെ കുര്യൻ ഫെയ്‌സ്ബുക്ക് പോസ്റ്റും പങ്കുവച്ചു. സീറ്റ് നൽകരുതെന്ന് പറഞ്ഞിട്ടില്ല.
രാഹുൽ മാങ്കൂട്ടത്തിലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് ഞാൻ പറഞ്ഞെന്ന പ്രചരണം ശരിയല്ല.
രാഹുൽ മാങ്കൂട്ടത്തിന് സീറ്റ് കൊടുക്കരുതെന്ന അഭിപ്രായം ഞാൻ പറഞ്ഞിട്ടില്ല. മറ്റു സ്ഥാനാർഥികൾ നിന്നാൽ ജയിക്കുമോ എന്ന ചോദ്യത്തിന് ആരു നിന്നാലും ജയിക്കും എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത് എന്ന വിവരം അറിയിക്കുന്നു.
എന്നായിരുന്നു കുറിപ്പ്. മറ്റുള്ള പ്രചരണം ശരിയല്ലെന്നും പി ജെ കുര്യൻ വിശദീകരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
