/kalakaumudi/media/media_files/2025/04/02/QPaRH0fKGX11Yarr0Q1i.jpg)
കണ്ണൂര്‍: ദീര്‍ഘകാലം കലാകൗമുദി പത്രധിപസമിതി അംഗമായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ.വി ശ്രീധരന്‍ (81) അന്തരിച്ചു. ഇന്ന് രാവിലെ കണ്ണൂര്‍ ചോമ്പാലയിലെ വസതിയില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.
ശ്രീധരന്‍ തൊഴില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയത് മദ്രാസില്‍ എം. ഗോവി നന്റെ സമീക്ഷയിലായിരുന്നു. പിന്നീട് തിരുവനന്തപുരത്ത് കലാകൗമുദിയില്‍ ദീര്‍ഘകാലം. അതിനുശേഷം എം. ഗോവിന്ദന്റെ പത്രാധിപത്യത്തില്‍ മദ്രാസില്‍ വെച്ച് നടത്തപ്പെട്ട സമീക്ഷ തിരുവനന്തപുരത്തുനിന്നും രണ്ട് കൊല്ലം നടത്തി.
കോണ്‍ഗ്രസ്സിന്റെ മുഖപത്രമായിരുന്ന വീക്ഷണത്തില്‍ രണ്ടുകൊല്ലം. കേരള കലഭൂദിയിലും മറ്റുചില പത്രങ്ങളിലും കോളമിസ്റ്റ്, ന്യൂമാഹിയിലെ മലയാള കലാഗ്രാമത്തിനുവേണ്ടി എം. ഗോവിന്ദന്‍ സ്മരണകളും കലാസംബന്ധിയായ ചില പതിപ്പുകളും ഡോ. കെ.ബി. മേനോന്‍ ഫൗണ്ടേഷനുവേണ്ടി ഡോ. കെ.ബി. മേനോന്‍ സ്മരണികയും എഡിറ്റ് ചെയ്തു. പ്രധാനമറ്റും കഥകളാണെഴുതുന്നതെങ്കിലും ദിനപത്രങ്ങ ളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലുമെഴുതിയ രാഷ്ട്രീയ ലേഖന ങ്ങളും സാഹിത്യസംബന്ധിയായ ലേഖനങ്ങളുമൊന്നും സമാഹരിച്ചിട്ടില്ല.
കഥാസമാഹാരങ്ങള്‍ : പുലികളും പത്രാധിപരും, ഈ നിലാവലയില്‍, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാംപ്രതി, ജാനകിയുടെ സ്മാരകം, ഓര്‍മ്മയിലും ഒരു വിഷ്ണു, ലാറട്ടറിയിലെ പൂക്കള്‍, എന്റെ മിനിക്കഥകള്‍, അപ്പുണ്ണി, നമ്മുടെ ആശങ്ങള്‍, കഥയുടെ കാറ്റില്‍, കാര്‍ത്തികയുടെ കാലം, കെ. പാര്‍വതിയുടെ ആത്മകഥ, കുതിരവട്ടം, കഥ.
നോവലെറ്റുകള്‍ : എങ്ങുനിന്നോ ഒരു പെണ്ണ്, കുഞ്ഞാനു.
നോവലുകള്‍ : ദൈവക്കളി, ഏതോ പൂവുകള്‍, നന്ദിമ ത്രം, കാറ്റുപോലെ.
ലേഖന സമാഹാരങ്ങള്‍ : ആസുരമായ നമ്മുടെ കാലം, തേന്മുള്ളുകള്‍, നമുക്കെന്തിനാണിത്രയേറെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കേരള കമ്മ്യൂണിസത്തിന്റെ പ്രശ്‌നങ്ങള്‍.
ഏതാണ്ട് അരനൂറ്റാണ്ടിലധികമായി ഇ.വി. ശ്രീധരന്‍ എഴുത്ത് തുടങ്ങിയിട്ട്. കഥാലോകത്ത് സ്വന്തമായ ഇടം അദ്ദേഹം കണ്ടെത്തിയിട്ടുമുണ്ട്. യാഥാര്‍ത്ഥ്യത്തിനും സ്വപ്നത്തിനും വിചിത്ര കല്പനകള്‍ക്കുമിടയില്‍ ദ്രുതസഞ്ചാരം നടത്തുന്ന കഥകളാണ് ഈ കഥാകാരന്‍ നമുക്കു നല്‍കിയിട്ടുള്ളതിലേറെയും. 'കുതിരവട്ടം' എന്ന സമാഹാരവും അതില്‍ എടുത്തുപറയേണ്ടതാണ്.
അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് പീഡനത്തിനിരയായ പ്രകാശന്റെ സ്വഗതാഖ്യാനത്തിലൂടെയാണ് ആദ്യകഥയായ 'കുതിരവട്ടം' പുരോഗമിക്കുന്നത്. വിപ്ലവാവേശത്തിന്റെ പാഴ്‌നിലങ്ങളില്‍ ആരോഗ്യവും യൗവ്വനവും ആവിയാക്കിക്കളയുന്ന അസംഖ്യം ചെറുപ്പക്കാരുടെ പ്രതിനിധിയായി വേണം അയാളെ നാം കാണേണ്ടത്.
ജയില്‍വാസം കഴിഞ്ഞെത്തിയ പ്രകാശന്‍ തേടിയെത്തുന്നത് കല്യാണി ടീച്ചറെയാണ്. ടീച്ചറുടെ വീട്ടില്‍ ഒളിവുജീവിതം നയിച്ച കാലത്താണയാളെ പൊലീസ് പണ്ട് പിടികൂടിയത്. അലസിപ്പോയ വിപ്ലവം ടീച്ചറുടെ സമനില തെറ്റിച്ചിരിക്കയാണ്. ആ മനോവിഭ്രാന്തി തന്നെയാണ് അവരെക്കൊണ്ട് മറ്റൊരു ഗറില്ലാ വിപ്ലവത്തിനു കോപ്പു കൂട്ടിക്കുന്നതും പ്രകാശനെ അതിന്റെ നേതാവായി അവരോധിക്കുന്നതും. കല്ലാമലയിലെ കലന്തന്‍ മാപ്പിളയെ വകവരുത്താന്‍ തോക്കുമായി ഇറങ്ങിയ ടീച്ചറെ പൊലീസ് വളഞ്ഞുവെന്ന വാര്‍ത്ത പ്രകാശനെ നടുക്കത്തോടെ അറിയിക്കുന്നത് അവന്റെ അമ്മ തന്നെയാണ്. ''എങ്ങോട്ടെങ്കിലും ഒന്നു മാറിനില്‍ക്കണമെന്നും പൊലീസിനു പിടികൊടുക്കരുതെന്നും'' മുന്നറിയിപ്പ് കിട്ടുമ്പോള്‍ പ്രകാശന്റെ പ്രതികരണം ഇങ്ങനെ: ''എനിക്ക് മാറിനില്‍ക്കാന്‍ ഒരു സ്ഥലമേയുള്ളൂ. അത് കുതിരവട്ടമാണ്. ഞാന്‍ കുതിരവട്ടത്തേക്കു പോകാന്‍ തയ്യാറാകട്ടെ.''
ഇവിടെ കുതിരവട്ടം ഒരു പ്രതീകമാണ്. തലതിരിഞ്ഞ ഈ ലോകത്ത് പ്രകാശനെപ്പോലെയുള്ളവര്‍ക്ക് അഭയവും ആശ്വാസവും നല്‍കാന്‍ മറ്റേതൊരിടമാണുള്ളത് എന്ന ചോദ്യമാണ് കഥാകാരന്‍ വായനക്കാരന്റെ മുന്‍പിലേക്ക് ഇട്ടുതരുന്നത്.
'പുത്തരിക്കണ്ടം മാധവിയും ഞാനും ഷാഹിദയും' എന്ന കഥയിലും കടന്നുവരുന്നുണ്ട് ഭ്രാന്ത്. ഗാന്ധി പാര്‍ക്കില്‍ ഗാന്ധിജിയിലേക്കു തന്നെ നോക്കിക്കൊണ്ടിരിക്കുന്ന ഷാഹിദയോട് ഗാന്ധിജി ചിരിക്കുകയും ഗാന്ധിജിക്കെന്താ ഭ്രാന്തനാണോ എന്നു ശങ്കിക്കുകയും ചെയ്യുന്നുണ്ട് സുഹൃത്ത്. ഷാഹിദ സുഹൃത്തിനോട് പറയുന്നതിങ്ങനെ: ''ചികിത്സയില്ലാത്ത ഭ്രാന്താണ് നിനക്ക്. ഭ്രാന്താശുപത്രികള്‍പോലും നിന്നെ സ്വീകരിക്കുകയില്ല. ഇങ്ങനെയൊരു ഭ്രാന്തില്‍ ജീവിക്കാന്‍ കഴിയുന്നത് ഒരു കണക്കില്‍ ഭാഗ്യവുമാണ്... നിന്റെ ഭ്രാന്ത് ഒരു താമരപ്പൂവായി എന്നെ നിന്നോട് വരിഞ്ഞുകെട്ടിയതുപോലെ തോന്നുന്നു.
'' പലപ്പോഴും ഈ ഭ്രാന്തിന്റെ താമരനൂല്‍ ശ്രീധരന്റെ കഥാലോകത്തെ മനുഷ്യരെയാകമാനം കെട്ടിവരിഞ്ഞിട്ടില്ലേ എന്നൊരു സംശയം തോന്നിയേക്കാം വായനക്കാരന്. ഇതിലെ മിക്ക കഥകളേയും ആസ്വാദ്യമാക്കുന്നതും വേറിട്ടു നിര്‍ത്തുന്നതും ഭ്രാന്തിന്റെ അഥവാ ഒരുതരം മായാവിഭ്രമത്തിന്റെ ഈ അദൃശ്യ സാന്നിധ്യം തന്നെയാണുതാനും. 'തിരുവെട്ടാറിലെ വിജയമ്മ തങ്കച്ചി', 'പൂജാപുഷ്പം', 'ശവാവതാരം', 'ജാനകി മരിച്ചിട്ടില്ല' എന്നീ കഥകള്‍ തന്നെ ഉദാഹരണം.
'പി.സിയുടെ ആത്മകഥയും ഞാനും' എന്ന കഥയിലെ പി.സി. ഗംഗാധരമേനോന്‍, നാലുതവണ എം.എല്‍.എയും രണ്ടുതവണ മന്ത്രിയുമായ 'നീച' രാഷ്ട്രീയക്കാരനാണ്. അയാളുടെ ആത്മകഥ എഴുതാന്‍ നിയോഗിക്കപ്പെട്ടിരിക്കയാണ് നായകന്‍. ആദ്യ ഭാര്യയെ ചവിട്ടിക്കൊല്ലുകയും രണ്ടാം ഭാര്യയെ ഞെക്കിക്കൊന്നു കെട്ടിത്തൂക്കുകയും നിരവധി സ്ത്രീകളെ വിഷയലമ്പടത്വത്തിനിരകളാക്കുകയും അഴിമതിയുടെ കോടികള്‍ വാരിക്കൂട്ടുകയും ചെയ്ത പി.സി. പക്ഷേ, ആത്മകഥയില്‍ മോഹനവും ത്യാഗസുരഭിലവുമായ ജീവിതത്തിന്റെ ഉടമയായിരിക്കണം. ശക്തമായ ഭാവനകൊണ്ട് സത്യത്തെ മായ്ചുകളയുക എന്നതാണ് ഇവിടെ ആത്മകഥാ രചനയ്ക്കു നിയോഗിക്കപ്പെട്ടവന്റെ ദൗത്യം.
ഈ അസത്യ ജീവിതകഥനം പൂര്‍ത്തിയാക്കിയശേഷം ''ഞാന്‍ ഈ നാറിയ ജീവിതം കൈവെടിയും'' എന്ന് ആത്മനിന്ദയോടെ പറഞ്ഞവസാനിപ്പിക്കുകയാണ് അവസാന വാക്യത്തില്‍ കഥാകാരന്‍.
'അമ്മ' എന്ന കഥയിലുമുണ്ട് ഇത്തരം ജീവചരിത്ര രചന. ഇതില്‍ കെ. മാധവന്റെ ജീവചരിത്രമെഴുതാന്‍ നിയോഗിതനായ സതീഷ് മേനോന്റെ നിയോഗം ആസന്നമരണനായി കിടക്കുന്ന വ്യക്തിയെ സംബന്ധിച്ച സത്യം ലോകത്തെ അറിയിക്കുക എന്നതാണ്. പക്ഷേ, അതിനു മുന്‍പ് മാധവന്‍ മരണമടഞ്ഞതിനാല്‍ വന്‍കിട ദേശീയ പത്രത്തിന്റെ പത്രാധിപരുടെ ആവശ്യപ്രകാരം മാധവനെക്കുറിച്ചുള്ള അനുസ്മരണ ലേഖനമാണെഴുതേണ്ടി വന്നത് അയാള്‍ക്ക്.
ലേഖനത്തിലൂടെ ആ സത്യം ലോകരെ അറിയിക്കാന്‍ പേനയെടുക്കുകയാണ് സതീഷ്- മരിച്ച മാധവന്‍ തന്റെ അച്ഛന്‍ ആയിരുന്നുവെന്ന മറ്റാര്‍ക്കുമറിയാത്ത സത്യം. തന്റെ അമ്മ മറ്റാരോടും ഇതുവരെ വെളിപ്പെടുത്താതെ കാത്തുസൂക്ഷിച്ച ആ സത്യം.
'ജീവിതം എരിഞ്ഞുപോകുന്നവര്‍' എന്ന അവസാനത്തെ കഥയില്‍ നായകന്‍ ജീവിതകാലം മുഴുവന്‍ തന്നെ വിടാതെ പിന്തുടര്‍ന്ന നെഞ്ചെരിച്ചിലിന് ഒടുവില്‍ ചികിത്സതേടി ഭൂമിവാതില്‍ക്കല്‍ ചെക്കൂട്ടി വൈദ്യരെ തേടിയെത്തിയപ്പോള്‍ അറിയുന്നത് വൈദ്യര്‍ ഒരു മാസമായി കുതിരവട്ടത്ത് ചികിത്സയില്‍ ആണെന്നാണ്.
അതെ, അധികം വൈകാതെ ഈ ലോകത്തിനുതന്നെ ഭ്രാന്ത് പിടിച്ചാലും അദ്ഭുതപ്പെടാനൊന്നുമില്ല എന്നുതന്നെയാണീ കഥകള്‍ നമ്മോട് പറയാതെ പറയുന്നത്.
ആദരാഞ്ജലികള്‍...