തിരുവനന്തപുരം ∙ മുഖത്തു ചായം തേച്ച് അവർ സ്വന്തം ജീവിതം ജനങ്ങൾക്കും അധികാരികൾക്കും മുന്നിൽ നിശ്ശബ്ദമായി അവതരിപ്പിച്ചു. ഗർഭകാലത്തും കുട്ടികളെ നോക്കുമ്പോഴും വീട്ടുജോലികൾ ചെയ്യുമ്പോഴും കഠിനമായി പഠിച്ചവർ, പരീക്ഷയിൽ മുന്നിലെത്തി ശാരീരിക ബുദ്ധിമുട്ടുകൾ മറികടന്ന് കായിക പരീക്ഷയിൽ വിജയിച്ചവർ, കഷ്ടപ്പാടുകൾക്കപ്പുറം റാങ്ക് ലിസ്റ്റിൽ ഇടം നേടിയവർ... എന്നിട്ടും ജോലി ലഭിക്കാതെ കോമാളികളായി മാറിയവർ!.
ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നിൽ വനിതാ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ മൂകാഭിനയത്തിൽ വിവരിച്ചത് റാങ്ക് പട്ടികയിലുൾപ്പെട്ടവരുടെ ജീവിതപ്രയാസങ്ങളും അവർ നേരിട്ട ബുദ്ധിമുട്ടുകളുമായിരുന്നു.
റാങ്ക് പട്ടികയുടെ കാലാവധി ശനിയാഴ്ച അവസാനിക്കും. അതിനു മുൻപു സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയുടെ പ്രതീകമായി സമരക്കാർ ഇന്നു രാവിലെ സെക്രട്ടേറിയറ്റിനു മുന്നിൽ കണിയൊരുക്കിയിട്ടുണ്ട്. കറുത്ത വസ്ത്രങ്ങളണിഞ്ഞ് കണി കണ്ടശേഷം പതിമൂന്നാം ദിവസത്തെ സമരം തുടരും.
സമരത്തിന്റെ ഭാഗമായുള്ള നിരാഹാരം തുടരുകയാണ്. ജാക്വിലിൻ, മഞ്ജു എന്നിവരാണ് ഇപ്പോൾ നിരാഹാരം അനുഷ്ഠിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
