/kalakaumudi/media/media_files/3ehGuqZ2DEXRZkI5LxJo.jpg)
പന്തളം: മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ 2 വാഹനങ്ങളിൽ ഇടിച്ച് അപകടം. അപകടത്തെ തുടർന്ന് എംസി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് 6ന് കുളനട ടിബി ജംക്‌ഷന് സമീപമുള്ള പെട്രോൾ പമ്പിനു മുൻപിലായിരുന്നു അപകടം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത (31) ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
മദ്യപിച്ചാണു വാഹനം ഓടിച്ചതെന്നു വൈദ്യപരിശോധനയിൽ തെളിഞ്ഞതോടെ നടിക്കെതിരെ പൊലീസ് കേസെടുത്തു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലാണ് നടിയുടെ കാർ ആദ്യം ഇടിച്ചത്. അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയിലും പിന്നീട് കാറിടിച്ചു.
അപകടത്തിൽ ആർക്കും പരുക്കില്ല. രജിതയ്‌ക്കൊപ്പം സുഹൃത്ത് തിരുവനന്തപുരം വെൺപാലവട്ടം സ്വദേശി രാജുവും (49) ഉണ്ടായിരുന്നു. വാഹനത്തിൽനിന്നു മദ്യക്കുപ്പി കണ്ടെടുത്തെന്നു പൊലീസ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
