sex alligation case against siddique
തിരുവനന്തപുരം: ബലാത്സംഗം ഭീഷണി അടക്കം നടൻ സിദ്ദിഖിനെതിരായ പരാതികളിൽ നടിയുടെ രഹസ്യ മൊഴിയെടുക്കാനുള്ള പൊലിസിൻറെ അപേക്ഷകൾ ഇന്ന് കോടതി പരിഗണിക്കും. സിദ്ദിഖിനെതിരായ കേസിൽ പരാതിക്കാരിയുടെ രഹസ്യ മൊഴിക്കായി പൊലിസ് തിരുവനന്തപുരം സി ജെ എം കോടതിയിലാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഈ അപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കുമെന്നാണ് വിവരം.
അതേസമയം ബലാത്സംഗം നടന്നെന്ന പരാതിയിൽ പറയുന്ന തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിലെ രേഖകൾ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ദിഖ് താമസിച്ച രേഖകളാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കേസിൽ നിർണായകമാണ്. നേരത്തെ യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലിസ് ബലാത്സംഗ കേസെടുത്തിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിലെ ഡി ഐ ജി അജീത ബീഗമാണ് കേസ് അന്വേഷിക്കുക. ലോക്കൽ പൊലിസ് രജിസ്റ്റർ ചെയ്യുന്ന ഓരോ കേസും പ്രത്യേക സംഘത്തിന് കൈമാറുമ്പോൾ ഡി ജി പി പ്രത്യേകം ഉത്തരവുകളിറക്കും. 2016 ൽ മാസ്ക്കറ്റ് ഹോട്ടലിൽ വച്ച് സിദ്ദിഖ് ബലാൽസംഗം ചെയ്തുവെന്നാണ് പരാതി.
നിള തിയറ്ററിൽ സിദ്ദിഖിൻറെ ഒരു സിനിമ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടെതെന്നും, ഇതിനു ശേഷം സിനിമ ചർച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം ഡി ജി പിക്ക് കൈമാറിയ പരാതി പ്രത്യേക സംഘം വഴിയാണ് കേസെടുക്കാനായി മ്യൂസിയം പൊലിസിന് കൈമാറിയത്.
പരാതിയിൽ പറയുന്ന സമയം സിദ്ദിഖ് തലസ്ഥാനത്തെത്തിയിട്ടുണ്ടോ എന്നടക്കമുള്ള രേഖകൾ അന്വേഷണ സംഘം ശേഖരിക്കും. നടിയുടേത് ഗൂഢാലോചനയാണെന്ന് സിദ്ദിഖിൻറെ പരാതിയും അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. നിലവിൽ 16 പരാതികാണ് പ്രത്യേക സംഘത്തിന് ഇതുവരെ ലഭിച്ചത്.