സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമ ആരോപണങ്ങളുന്നയിച്ച പരാതിക്കാരിയുമായി കേരള പൊലീസ് ബന്ധപ്പെടും. ബംഗാളി നടി ശ്രീലേഖ മിത്രയുമായി കേരള പൊലീസ് സംസാരിച്ച ശേഷം പരാതിയുണ്ടെങ്കിൽ നടപടിയെടുക്കും.
രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് സമ്മർദ്ദം ഏറിയതോടെയാണ് സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. അതേസമയം ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി ബംഗാളി നടി ശ്രീലേഖ മിത്ര അറിയിച്ചു. ആരെങ്കിലും പിന്തുണയ്ക്കാൻ തയ്യാറായാൽ പരാതിയുമായി മുന്നോട്ട് പോകുമെന്നും തെറ്റ് പറ്റിയെന്ന് രഞ്ജിത്ത് സമ്മതിച്ച് മാപ്പ് പറയണമെന്നും ശ്രീലേഖ നേരത്തെ വ്യക്തമാക്കിയിരുന്നു.
ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ്. പക്ഷേ പരാതി നൽകാനും നടപടികൾക്കുമായി കേരളത്തിലേക്ക് വരാനാകില്ല. ഞാൻ ജോലി ചെയ്യുന്നത് ബംഗാളിലാണ്. ആരെങ്കിലും പിന്തുണയ്ക്കാൻ തയാറായാൽ പരാതിയുമായി മുന്നോട്ട് പോകും. എനിക്ക് ഉണ്ടായ മോശം അനുഭവം തുറന്ന് പറയാനുളള അവകാശം എനിക്കുണ്ടെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രാജി വയ്ക്കണമെന്ന് താൻ പറയുന്നില്ല. തെറ്റ് പറ്റിയെന്ന് സമ്മതിക്കണം. മാപ്പ് പറയണം. സംഭവിച്ചത് തെറ്റായി എന്നെങ്കിലും പറയണം എന്നാണ് ശ്രീലേഖ പറയുന്നത്. അതേസമയം, പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാനായി എത്തിയപ്പോഴാണ് രഞ്ജിത്ത് ശ്രീലേഖയോട് മോശമായി പെരുമാറിയത്.