പീഡന പരാതി; അന്വേഷണ ഉദ്യോഗസ്ഥനെതിരേ രൂക്ഷ ആരോപണങ്ങളുമായി നടന്‍ സിദ്ദിഖ്

അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുന്നു എന്നാണ് സിദ്ദിഖിന്റെ ആരോപണം. പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്.

author-image
Vishnupriya
New Update
sexual assault case high court reject siddique anticipatory bail

ന്യൂഡല്‍ഹി: ബലാത്സംഗ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരേ രൂക്ഷ ആരോപണങ്ങൾ ഉന്നയിച്ച് നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍. മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യവെയാണ് ആരോപണങ്ങൾ ഉന്നയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുന്നു എന്നാണ് സിദ്ദിഖിന്റെ ആരോപണം. പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്. ന്യായത്തിന്റെയും, നിക്ഷപക്ഷതയുടെയും അതിര്‍വരമ്പുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മറികടന്നു എന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ നടന്‍ സിദ്ദിഖ് ആരോപിച്ചു.

ബലാത്സംഗ കേസില്‍ തനിക്കെതിരേ തെളിവുകളുടെ ഒരു കെട്ട് തന്നെ ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ താന്‍ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും അറസ്റ്റ് ചെയ്തില്ലെന്ന് മറുപടി സത്യവാങ്മൂലത്തില്‍ സിദ്ദിഖ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2016 ല്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ കൈമാറിയില്ല എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തനിക്ക് എതിരെ പറയുന്ന പ്രധാന പരാതി. എന്നാല്‍ പരാതിക്കാരിയും ആ കാലയളവില്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ കൈമാറിയിട്ടില്ല എന്നാണ് തന്റെ അറിവെന്നും സിദ്ദിഖ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

പരാതി നല്‍കാന്‍ എട്ട് വര്‍ഷം എന്ത് കൊണ്ട് വൈകിയെന്ന് സംസ്ഥാന സര്‍ക്കാരിനോടും പരാതിക്കാരിയോടും സുപ്രീം കോടതി നേരത്തെ ആരാഞ്ഞിരുന്നു. ഇതിന് കൃത്യമായ ഒരു വിശദീകരണം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആകുന്നില്ലെന്ന് സിദ്ദിഖ് ആരോപിക്കുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം പ്രത്യേക അന്വേഷണ സംഘം 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തനിക്ക് ഒഴിച്ച് ബാക്കി എല്ലാവര്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചു. വിവിധ സെഷന്‍സ് കോടതികളും, ഹൈക്കോടതിയും നല്‍കിയ മുന്‍കൂര്‍ ജാമ്യത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്തിട്ടില്ല. തന്റെ മുന്‍കൂര്‍ ജാമ്യം മാത്രം സര്‍ക്കാര്‍ എതിര്‍ക്കുന്നത് ചില ബാഹ്യമായ കാരണങ്ങളാല്‍ ആണെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്.

actor siddique sexual assault case