പന്ത്രണ്ടുകാരിയെ സ്കൂളിലേക്കു പോകുംവഴി ബൈക്കില്‍ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം പാതിരിക്കല്‍ കുഴിക്കാട് പുത്തന്‍ വീട്ടില്‍ എംഎസ് അനസ് (23) ആണ് പോക്സോ കേസില്‍ പിടിയിലായത്.
ഫോണിലൂടെ പരിചയപ്പെട്ട ശേഷം ഇന്‍സ്റ്റഗ്രാം സന്ദേശവും സ്വന്തം നഗ്നചിത്രങ്ങളും അശ്ലീല ദൃശ്യങ്ങളും അയച്ചുകൊടുത്ത പ്രതി പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ പെണ്‍കുട്ടി ഇന്നലെ രാവിലെ സ്കൂളിലേക്ക് പോകുന്ന വഴി ബൈക്കില്‍ നിര്‍ബന്ധിച്ചു കയറ്റിക്കൊണ്ടുപോകുകയായിരുന്നു. രാവിലെ 8.40 ഓടെ സ്കൂള്‍ യൂണിഫോമിലാണ് കുട്ടിയെ ഇയാള്‍ കായംകുളത്തേക്കു കൊണ്ടുപോയത്. യാത്രക്കിടയില്‍ പ്രതി ലൈംഗികാതിക്രമം കാട്ടി. തുടര്‍ന്ന്, കായംകുളത്ത് ലേക് പാലസിലെത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചു.
മകളെ കാണാനില്ലെന്നു കാട്ടി മാതാവ് ഇന്നലെ തന്നെ കോന്നി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. ജില്ലാ പോലീസ് മേധാവി വിജി വിനോദ് കുമാറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ പോലീസ് കണ്ടെത്തി. കുട്ടിയുടെ മൊഴിയനുസരിച്ച് യുവാവിനെ പ്രതിയാക്കി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ പ്രതി ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ പോലീസ് കണ്ടെത്തി സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പ്രാഥമിക നിയമനടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. എസ് ഐ. വിമല്‍ രംഗനാഥ്, എസ്സിപിഒമാരായ കെ ബി ബിജു, ഷംനാദ്, സന്ധ്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.