യുവനടിയെ പീഡിപ്പിച്ചെന്ന കേസ്; നടൻ സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും

ഹേമ കമ്മിറ്റി പുറത്തുവന്നതിനു പിന്നാലെ മുപ്പതോളം കേസുകൾ റജിസ്റ്റർ ചെയ്യപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് കേരളം ജാമ്യഹർജിയെ എതിർത്തത്.

author-image
Vishnupriya
New Update
ar

ന്യൂഡൽഹി: യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയെങ്കിലും കോടതി ഒരാഴ്ചകൂടി ജാമ്യം അനുവദിക്കുകയായിരുന്നു. മൂന്നാം തവണയാണ് കോടതി ജാമ്യം അനുവദിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുള്ള മറ്റു കേസുകളിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കാതിരുന്ന സർക്കാർ തന്നെ ലക്ഷ്യമിടുന്നതു മറ്റു പല കാരണങ്ങൾ കൊണ്ടാണെന്നു നടൻ സിദ്ദീഖ് കോടതിയെ അറിയിച്ചിരുന്നു. യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ പുതിയ കഥകൾ മെനയുകയാണെന്നും പൊലീസ് നിഷ്പക്ഷതയുടെ പരിധി വിടുകയാണെന്നും സിദ്ദിഖ് ഹർജിയിൽ ചൂണ്ടിക്കാട്ടി. 

അതേസമയം, പരാതി വൈകിയതിനു വ്യക്തമായ വിശദീകരണം പരാതിക്കാരി നൽകിയിട്ടില്ല. ഡബ്ല്യുസിസി അംഗമായിട്ടും ഹേമ കമ്മിറ്റി മുൻപാകെ അവർ പരാതി ഉന്നയിച്ചില്ല. മറിച്ചായിരുന്നെങ്കിൽ കമ്മിറ്റി തന്നെ വിളിപ്പിക്കുമായിരുന്നു. നേരത്തേ ഫെയ്സ്ബുക്കിൽ ഉന്നയിച്ചതായി പറയുന്ന പരാതിയും ഇപ്പോഴത്തെ പരാതിയും തമ്മിൽ പൊരുത്തക്കേടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുള്ള 30 കേസുകളിൽ തനിക്കു മാത്രമാണ് മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടത്. സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യം ലഭിച്ചവരുണ്ട്. അവർക്കെതിരെയൊന്നും സർക്കാർ ഹൈക്കോടതിയെ സമീപിച്ചില്ല.

താൽക്കാലിക ജാമ്യം അനുവദിക്കുമ്പോൾ കോടതി നിർദേശിച്ച ഉപാധികൾ പാലിക്കുന്നുണ്ട്. സംഭവം നടന്നതായി പറയുന്ന എട്ടരവർഷം മുൻപ് ഉപയോഗിച്ചിരുന്ന ഫോൺ കൈവശം ഇല്ല. 2016 ലോ അതിനു ശേഷമോ ഉപയോഗിച്ചിരുന്ന ഫോൺ അതിജീവിതയും ഹാജരാക്കിയിട്ടില്ല. ഫെയ്സ്ബുക് അക്കൗണ്ട് ഒഴിവാക്കിയെന്ന സർക്കാർ ആരോപണവും സിദ്ദിഖ് തള്ളി. ഇമെയിൽ വഴിയും മെസഞ്ചർ വഴിയുമെത്തുന്ന വിദ്വേഷ പ്രതികരണങ്ങളെ തുടർന്നാണു പിന്മാറിയതെന്നും ഡീആക്ടിവേറ്റ് ചെയ്തിട്ടില്ലെന്നും സിദ്ദീഖ് വിശദീകരിച്ചു. പൊലീസ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയ ശേഷം മുങ്ങിയെന്ന ആരോപണവും സിദ്ദിഖ് തള്ളി. സിനിമയുടെ ചിത്രീകരണത്തിലായിരുന്നെന്നും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ ശേഷം തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റി പുറത്തുവന്നതിനു പിന്നാലെ മുപ്പതോളം കേസുകൾ റജിസ്റ്റർ ചെയ്യപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് കേരളം ജാമ്യഹർജിയെ എതിർത്തത്. സിദ്ദിഖിന് അനുകൂലമായ നടപടി സമാനപരാതി നൽകിയ മറ്റുള്ളവരുടെ മനോവീര്യം കെടുത്തുമെന്നും കേരളം കോടതിയിൽ വാദിച്ചു.

actor siddique sexual assault case