വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമമെന്ന് പരാതി. മലക്കപ്പാറ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷാജുവിനെതിരെയാണ് പരാതി. ചാലക്കുടി ബസ് സ്റ്റാന്‍ഡില്‍വെച്ച് പോലീസുകാരന്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് ചാലക്കുടി പോലീസിന് കൈമാറുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. മുന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് കൂടിയായ വിദ്യാര്‍ഥിനി കോയമ്പത്തൂരിലേക്ക് പോകാനായാണ് ബസ് സ്റ്റാന്‍ഡിലെത്തിയത്. ബസ് കാത്തുനില്‍ക്കുന്നതിനിടെ പോലീസുകാരനായ ഷാജു കടന്നുപിടിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. ഈ സമയം ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാരും ആരോപിച്ചു.
പെണ്‍കുട്ടി ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ നാട്ടുകാരെത്തി പ്രതിയെ തടഞ്ഞുവെയ്ക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസുകാരനെതിരേ കേസെടുക്കുമെന്ന് ചാലക്കുടി ഡിവൈ.എസ്.പി. പറഞ്ഞു.