sexual assault on shooting location in thodupuzha another case against actor jayasurya
തിരുവനന്തപുരം: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി.ഷൂട്ടിങ് ലോക്കേഷനിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനിൽ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. കരമന പൊലീസ് രജിസ്റ്റർ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. ഈ കേസും തൃശൂർ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷിക്കുക.
പ്രത്യേക അന്വേഷണ സംഘം ഇന്നലെ നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജയസൂര്യക്കെതിരെ കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ആദ്യ അനുഭവം പറഞ്ഞ് നടിമാർ രംഗത്തെത്തിയത്. വർഷങ്ങൾക്ക് മുമ്പ് ജൂനിയർ ആർട്ടിസ്റ്റായിരുന്ന സമയത്ത് ദുരനുഭവം ഉണ്ടായ കാര്യം നടി വെളിപ്പെടുത്തിയിരുന്നു. ഈ പരാതിയിലാണിപ്പോൾ കേസെടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിലെ തൃശൂരിലെ ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഇതേക്കുറിച്ച് അന്വേഷിക്കുക.
നേരത്തെ തിരുവനന്തപുരം കന്റോൺമെൻറ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രീസ്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.