ബിജെപി നേതാവ് സി.കൃഷ്ണകുമാറിനെതിരേ പീഡന ആരോപണം

കഴിഞ്ഞ ദിവസമാണ് രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് യുവതി പരാതി ഇ മെയിലായി അയക്കുന്നത്. നിലവില്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലാണെന്നും അദ്ദേഹം മടങ്ങിയെത്തിയ ശേഷം നടപടി സ്വീകരിക്കാമെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഓഫീസ് യുവതിക്ക് മറുപടിയും അയച്ചിട്ടുണ്ട്.

author-image
Biju
New Update
krishnakumar

പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരേ പാലക്കാട് സ്വദേശിനിയുടെ പീഡന ആരോപണം. ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് കാണിച്ച് യുവതി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പരാതി നല്‍കി. ആര്‍എസ്എസ്-ബിജെപി നേതാക്കളെ നേരിട്ട് കണ്ട് പരാതി ഉന്നയിച്ചിട്ടും ഫലമുണ്ടായില്ലെന്നും യുവതി പറയുന്നു. അതേസമയം സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായുള്ള പരാതിയാണ് ഇതെന്നാണ് സി. കൃഷ്ണകുമാറിന്റെ പ്രതികരണം.

കുറച്ചു വര്‍ഷം മുന്‍പ് കൃഷ്ണകുമാറില്‍നിന്ന് ലൈംഗിക അതിക്രമം നേരിട്ടുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് എളമക്കരയിലെ ആര്‍എസ്എസ് സംസ്ഥാന ഓഫീസിലെത്തി ഗോപാലന്‍കുട്ടി മാസ്റ്ററോടും പിന്നീട് ബിജെപി നേതാക്കളായ വി. മുരളീധരനോടും എം.ടി. രമേശിനോടും പരാതി ഉന്നയിച്ചു. നീതി ലഭ്യമാക്കാമെന്നും കൃഷ്ണകുമാറിനെതിരേ നടപടി കൈക്കൊള്ളാമെന്നും എല്ലാവരും ഉറപ്പുനല്‍കി. എന്നാല്‍ ഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല, യുവതി പരാതിയില്‍ ആരോപിക്കുന്നു.

സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായത് ഉള്‍പ്പെടെയുള്ള ബിജെപി പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ കൃഷ്ണകുമാറുണ്ട്. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനുള്ള ധാര്‍മികമായ യോഗ്യത അദ്ദേഹത്തിനില്ലെന്നും പരാതിക്കാരി പറയുന്നു.

കഴിഞ്ഞ ദിവസമാണ് രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് യുവതി പരാതി ഇ മെയിലായി അയക്കുന്നത്. നിലവില്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലാണെന്നും അദ്ദേഹം മടങ്ങിയെത്തിയ ശേഷം നടപടി സ്വീകരിക്കാമെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഓഫീസ് യുവതിക്ക് മറുപടിയും അയച്ചിട്ടുണ്ട്.

അതേസമയം ഇത് തനിക്കെതിരേ കുറച്ചുനാള്‍ മുന്‍പ് വന്ന പരാതിയാണിതെന്നും അത് സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായി വന്നതാണെന്നും സി. കൃഷ്ണകുമാര്‍ മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. ഈ വിഷയത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് കാണിച്ച് 2023-ല്‍ കോടതി തനിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.