/kalakaumudi/media/media_files/2025/02/14/xUeN4m8BrxQ2cANmQkLz.jpg)
P M Arsho
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസനെ എസ്എഫ്‌ഐ നേതാവ് തല്ലിയതിനെ ന്യായീകരിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. ശ്രീനിവാസന്‍ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചതുകൊണ്ടാണ് അതുകേട്ട വിദ്യാര്‍ഥി അടിച്ചത്. ശ്രീനിവാസനെ അടിച്ചതു മഹാപരാധമായോ തെറ്റായോ കരുതുന്നില്ലെന്നും ആര്‍ഷോ പറഞ്ഞു.
''ടി.പി.ശ്രീനിവാസനെ തല്ലണം എന്നു എസ്എഫ്‌ഐ സംഘടനാപരമായി തീരുമാനിച്ചു പോയി തല്ലിയതല്ല. സമാധാനപരമായി സമരം നടക്കുമ്പോള്‍ ചില വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ സുരക്ഷിതമായി അപ്പുറത്തേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.
അപ്പോള്‍ അദ്ദേഹത്തിന്റെ വായില്‍നിന്നുവന്ന വാക്കുകള്‍ എല്ലാവരും കേട്ടതാണ്. സ്വാഭാവികമായും ഒരാള്‍ മുന്നില്‍ വന്നുനിന്നു തന്തയ്ക്കു വിളിച്ചാല്‍ എങ്ങനെയാവും പ്രതികരിക്കുക. ഒരു വിദ്യാര്‍ഥിയുടെ ഭാഗത്തുനിന്നു സ്വാഭാവികമായി ഉണ്ടായ പ്രതികരണമാണ് അത്. അല്ലാതെ ടി.പി.ശ്രീനിവാസന്റെയോ യുഡിഎഫ് സര്‍ക്കാരിന്റെയോ നിലപാടിന് എതിരായിട്ടുള്ള പ്രതികരണം ആയിരുന്നില്ല. അവിടെ ഉണ്ടായിരുന്ന വിദ്യാര്‍ഥിയെ അദ്ദേഹം കേട്ടാല്‍ അറയ്ക്കുന്ന തരത്തില്‍ തെറി വിളിച്ചു. അതു കേട്ടതിലുള്ള പ്രതികരണമാണു വിദ്യാര്‍ഥി നടത്തിയത്.
എസ്എഫ്ഐ ആലോചിച്ച് ഉറപ്പിച്ച സമരരൂപമല്ല ആ ചെകിട്ടത്തടി എന്നതു കൊണ്ട് ഞങ്ങള്‍ അതില്‍ മാപ്പ് പറയേണ്ടതില്ല എന്നു തന്നെയാണ് നിലപാട്'' - ആര്‍ഷോ പറഞ്ഞു. വിദേശ സര്‍വകലാശാലകളുടെ കടന്നുവരവിനെ സംശയത്തോടെയാണ് എസ്എഫ്‌ഐ കാണുന്നത്.'' ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ സര്‍വകലാശാലകളോടുള്ള ഇടതു സര്‍ക്കാരിന്റെ നയം തിരുത്തുമ്പോള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാന്‍ ടി.പി.ശ്രീനിവാസനോട് എസ്എഫ്‌ഐ മാപ്പു പറയണമെന്നാവശ്യം ഉയരുന്നുണ്ട്. 20 വര്‍ഷം മുന്‍പു കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന കാലത്താണ് സ്വകാര്യ സര്‍വകലാശാല എന്ന പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. അന്നു പദ്ധതിയെ എസ്എഫ്‌ഐ അടിമുടി എതിര്‍ത്തു. ഇതിന്റെ തുടര്‍ച്ചയെന്നോണം ആഗോള വിദ്യാഭ്യാസ സംഗമത്തിനു കോവളത്തെത്തിയ ടി.പി.ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ ടി.പി.ശ്രീനിവാസനെ മര്‍ദിച്ച കേസില്‍ പ്രതിയായ ശരത്തിനെ എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കി. എന്നാല്‍ ഇന്ന് ശരത് ഡിവൈഎഫ്‌ഐയുടെ മലയിന്‍കീഴ് മേഖലാ സെക്രട്ടറിയും വിളപ്പില്‍ ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്. സിപിഎമ്മിന്റെ മലയിന്‍കീഴ് ലോക്കല്‍ കമ്മിറ്റിയിലും ശരത് ഉണ്ട്. ഒന്നരവര്‍ഷം മുന്‍പാണു സഹകരണ ബാങ്കില്‍ ശരത്തിന് പാര്‍ട്ടി ജോലി നല്‍കിയത്.