/kalakaumudi/media/media_files/83dbn7ZlmOgF2wtZFea2.jpg)
തിരുവനന്തപുരം: ശബരി റെയിൽപാത ബാലരാമപുരത്തേക്ക് നീട്ടാനുള്ള പദ്ധതി കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കണമെന്ന് കേരളം. അങ്കമാലി-എരുമേലി ശബരി റെയിൽപാത വിഴിഞ്ഞം തുറമുഖത്തേക്ക് നീട്ടാനുള്ള 4800 കോടിയുടെ പദ്ധതി കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖം ഉടൻ കമ്മീഷൻ ചെയ്യുമ്പോൾ കണ്ടെയ്‌നർ നീക്കം റോഡുകൾക്ക് താങ്ങാനാവില്ലെന്നും അതിനാൽ വടക്കോട്ട് റെയിൽപാത അനിവാര്യമാണെന്നും ചീഫ്സെക്രട്ടറി ഡോ.വി.വേണു റെയിൽവേ ബോർഡ് ചെയർമാനെഴുതിയ കത്തിൽ അറിയിച്ചു. ശബരിപാത എരുമേലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നീട്ടാനുള്ള സർവേ 2013ൽ നടത്തിയപ്പോൾ വരുമാനം കുറവായിരിക്കുമെന്നാണ് കണ്ടെത്തിയത്.
ശബരി പാത എരുമേലിയിൽ നിന്നു തിരുവനന്തപുരത്തേക്കു നീട്ടാൻ 2013ൽ സർവേ നടത്തിയെങ്കിലും ലാഭകരമല്ലെന്ന കാരണത്താൽ തുടർ നടപടിയുണ്ടായില്ല. എരുമേലി മുതൽ ബാലരാമപുരം വരെ നീളുന്ന 160 കിലോമീറ്റർ റെയിൽ പാതയിൽ 13 സ്റ്റേഷനുകളാണ് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരിക്കുന്നത്.
ബാലരാമപുരം, കാട്ടാക്കട, നെടുമങ്ങാട്, വെഞ്ഞാറമൂട് റോഡ്, കിളിമാനൂർ, അഞ്ചൽ, പുനലൂർ, പത്തനാപുരം, കോന്നി, പത്തനംതിട്ട, പെരുനാട് റോഡ്, ശബരിമല എയർപോർട്ട് സ്റ്റേഷൻ (അത്തിക്കയത്തിനു സമീപം), എരുമേലി എന്നിവയാണു സ്‌റ്റേഷനുകൾ. പാത വന്നാൽ അങ്കമാലി- തിരുവനന്തപുരം റൂട്ടിൽ സംസ്ഥാനത്തിനു പുതിയ റെയിൽ ഇടനാഴി ലഭിക്കുമെന്നും പദ്ധതിക്കു 4800 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും റെയിൽവേ ബോർഡിനു നൽകിയ കത്തിൽ പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
