സ്വകാര്യ ബസുകളിൽ ഷാഡോ പോലീസിനേയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിപ്പിക്കും

ലഹരിയുപയോഗം കർശനമായി തടയുന്നതിന് പരിശോധനാവേളയിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് കമ്മീഷൻ എക്സൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി

author-image
Devina
New Update
basukal

കൊച്ചി : മത്സരയോട്ടം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിന് സ്വകാര്യബസുകളിൽ ഷാഡോ പോലീസിനെ വിന്യസിപ്പിച്ചു തുടങ്ങിയതായി ജില്ലാ പോലീസ് മേധാവി (കൊച്ചി സിറ്റി) അറിയിച്ചു.  

സ്വകാര്യ ബസ് ജീവനക്കാർ നടത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്താൻ ഷാഡോ പോലീസ് മാതൃകയിൽ സിവിൽ ഡ്രസ് ധരിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സ്വകാര്യ ബസുകളിൽ വിന്യസിപ്പിക്കുന്നത് പരിഗണയിലാണെന്ന് എറണാകുളം ആർ.റ്റി.ഒയും അറിയിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് 2026 ജനുവരി 14 ന് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.  പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ് നൽകിയത്.

കൊച്ചി സിറ്റി പരിധിയിൽ നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങൾ വിലയിരുത്താൻ പോലീസ്, ആർ.റ്റി.ഒ, നഗരസഭ ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടർ വിളിച്ചു ചേർത്തതായി മോട്ടോർ വാഹന വകുപ്പ് കമ്മീഷനെ അറിയിച്ചു.സ്വകാര്യ ബസ് ജീവനക്കാർ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായി മോട്ടാർ വാഹന വകുപ്പ്, പോലീസ് എന്നിവരുടെ സംയുക്ത പരിശോധനാവേളയിൽ എക്സൈസ് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തണമെന്ന നിർദ്ദേശം മോട്ടോർ വാഹന വകുപ്പ് കമ്മീഷനിൽ സമർപ്പിച്ചു.  ലഹരിയുപയോഗം കർശനമായി തടയുന്നതിന് പരിശോധനാവേളയിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് കമ്മീഷൻ എക്സൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.

പോലീസ്,  മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശങ്ങൾ പൊതുമരാമത്ത് വകുപ്പ് (എറണാകുളം) എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും ജോയിന്റ് എക്സൈസ് കമ്മീഷണർക്കും കൈമാറണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.  പോലീസ്, മോട്ടോർ വാഹനം, എക്സിക്യൂട്ടീവ് എഞ്ചിനീയർ, ജോയിന്റ് എക്സൈസ് കമ്മീഷണർ എന്നിവരുടെ യോഗം ജില്ലാ പോലീസ് മേധാവി (സിറ്റി) വിളിച്ച് ആവശ്യമായ നിർദ്ദേശം പൊതുമരാമത്ത്, എക്സൈസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.  റോഡ് തകരാർ പരിഹരിക്കുക, കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്നറിയിപ്പുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഏകോപിപ്പിക്കണം.  സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം കണ്ടെത്തുന്നതിന് എക്സൈസ് പ്രത്യേക പരിശോധനകൾ നടത്തണം. സ്വീകരിച്ച നടപടികൾ പൊതുമരാമത്ത്, എക്സൈസ് ഉദ്യോഗസ്ഥർ 3 ആഴ്ചക്കകം കമ്മീഷനിൽ സമർപ്പിക്കണം.

എ.സി.പി. (ട്രാഫിക്), ജോയിന്റ് ആർ.ടി.ഒ, റോഡ് സുരക്ഷാ കമ്മീഷണറുടെ പ്രതിനിധി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (റോഡ്സ്), ജോയിന്റ് എക്സൈസ് കമ്മീഷണറുടെ പ്രിതിനിധി എന്നിവർ മാർച്ച് 3 ന് രാവിലെ 10 ന് പത്തടിപ്പാലം റസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

മത്സര ഓട്ടത്തിനിടയിൽ സ്വകാര്യ ബസിടിച്ച  ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ അബ്ദുൾ സലീമിന്റെയും  ടി. ഡി. റോഡ് സ്വദേശി ഗോവിന്ദ് എൻ. ഷേണായിയുടെയും അപകട മരണത്തിന്റെ പശ്ചാത്തലത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.  വഴിയടച്ച് നിർത്തിയും വാഹനങ്ങൾക്കിടയിലൂടെ കുത്തികയറിയും സ്വകാര്യ ബസുകൾ നടത്തുന്ന ട്രാഫിക് നിയമ ലംഘനങ്ങളും   കമ്മീഷൻ പരിശോധനാവിധേയമാക്കി.