/kalakaumudi/media/media_files/2025/08/23/shafi-2025-08-23-12-35-47.jpg)
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഒളിച്ചോടിയിട്ടില്ലെന്നും 'മുങ്ങി'യെന്ന പരാമര്‍ശം തെറ്റാണെന്നും ഷാഫി പറമ്പില്‍ എംപി. രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ സംഘടനാ ചുമതല ഒഴിഞ്ഞിട്ടും കോണ്‍ഗ്രസിനെ ചിലര്‍ ധാര്‍മികത പഠിപ്പിക്കുകയാണ്. വിവാദങ്ങളില്‍ കോണ്‍ഗ്രസ് നിര്‍വീര്യമാകില്ലെന്നും ഷാഫി പറഞ്ഞു.
സ്ത്രീകളോടുള്ള മോശം പെരുമാറ്റമെന്ന ആരോപണങ്ങള്‍ക്കു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാജിവച്ചതു സംബന്ധിച്ചു വടകരയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോടതി വിധിയോ എഫ്‌ഐആറോ ഇല്ലാതെ തന്നെ ഇത്തരം ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി പ്രഖ്യാപിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ ഇത്തരം ഒരു ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജിസന്നദ്ധത അറിയിക്കുകയും രാജിവയ്ക്കുകയും ചെയ്തു. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എതിര്‍പക്ഷം വിമര്‍ശനം തുടരുന്നതാണ് കണ്ടത്.
ഈ വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍വീര്യമാകില്ല. സര്‍ക്കാരിന്റെ പരാജയങ്ങള്‍ തുറന്നുകാണിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും. കോണ്‍ഗ്രസിനെ നിശബ്ദമാക്കാനാണ് ശ്രമം. കോണ്‍ഗ്രസിനെ ധാര്‍മികത പഠിപ്പിക്കാന്‍ സിപിഎമ്മിനും ബിജെപിക്കും എന്ത് അവകാശമാണുളളതെന്നും ഷാഫി കുറ്റപ്പെടുത്തി.
ബിഹാറിലേക്ക് മുങ്ങി, ഒളിച്ചോടി എന്നൊക്കെ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുമ്പോള്‍ ബിഹാറില്‍ നടക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയുടെ പ്രാധാന്യം കാണാതെ പോകരുത്. വരും ദിനങ്ങളില്‍ മറ്റു പരിപാടികളുള്ളതിനാലാണ് അന്ന് ബിഹാറിലേക്ക് പോയത്. മാങ്കൂട്ടത്തില്‍ വിഷയത്തില്‍ മുതിര്‍ന്ന നേതാക്കള്‍ മാധ്യമങ്ങളെ കണ്ട് വിശദീകരണം നല്‍കിയിരുന്നു. അല്ലാതെ ഞാന്‍ ഒളിച്ചോടിയതായി പറയുന്നതു ശരിയാണോ എന്നത് മാധ്യമങ്ങള്‍ വിലയിരുത്തണം.
വടകരയില്‍ രാഹുലിനെതിരെ പ്രതിഷേധം നടത്തുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അല്‍പം വടക്കോട്ട് സഞ്ചരിച്ചാല്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പ്രതിഷേധം നടത്തേണ്ടിവരും. കോഴിക്കോടുളള മന്ത്രിയെക്കുറിച്ച് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ലേ?. കോണ്‍ഗ്രസിനെ കാടടച്ച് കുറ്റപ്പെടുന്നത് ശരിയല്ല. വിവാദത്തിന്റെ മറവില്‍ സര്‍ക്കാരിന്റെ ചെയ്തികള്‍ മറച്ചുപിടിക്കാനാണ് ശ്രമം. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസിലെ ഉത്തരവാദപ്പെട്ടവരെല്ലാം പ്രതികരിച്ചുകഴിഞ്ഞു. അതില്‍ കൂടുതലൊന്നും പറയാനില്ലെന്നും ഷാഫി പറഞ്ഞു.
രാഹുല്‍ വിഷയത്തില്‍ ചോദ്യങ്ങളുമായി എത്തിയ മാധ്യമങ്ങളോട് വടകരയിലെ ദേശീയപാതയിലെ വിഷയങ്ങള്‍ കൂടി വാര്‍ത്തയാക്കണമെന്നും ഷാഫി പറമ്പില്‍ അഭ്യര്‍ഥിച്ചു. സര്‍വീസ് റോഡുകളുടെ കുഴിയടയ്ക്കാനുള്ള നടപടിയെടുക്കണമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയോട് അഭ്യര്‍ഥിച്ചതായും ഇനിയും നടപടികള്‍ ഉണ്ടായില്ലെങ്കില്‍ താന്‍ നേരിട്ട് സമരത്തിനിറങ്ങുമെന്നും ഷാഫി പറഞ്ഞു.
വിവാദ വിഷയങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഷാഫി പറമ്പില്‍ സംരക്ഷിച്ചു എന്ന തരത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ ആരോപണം ഉയര്‍ന്നെങ്കിലും ഇത് സംബന്ധിച്ച് ഷാഫി പ്രതികരിക്കാത്തത് നേരത്തേ വാര്‍ത്തകള്‍ക്കിടയാക്കിയിരുന്നു. വിവാദത്തിനു പിന്നാലെ ഡല്‍ഹിയില്‍ ഷാഫിയെ കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയെങ്കിലും പ്രതികരിക്കാതെ ഷാഫി ബിഹാറിലേക്ക് പോകുകയായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുക്കാനാണു ഷാഫി ബിഹാറിലേക്ക് പോയത്. ശനിയാഴ്ച രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഷാഫി വടകരയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സംബന്ധിച്ച വിഷയത്തില്‍ പ്രതികരിക്കാമെന്നു രാവിലെ അറിയിക്കുകയായിരുന്നു. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് രാജിവെച്ച് വടകരയില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഷാഫിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ട് സ്ഥാനാഥിയാക്കാന്‍ നിര്‍ദേശിച്ചത്.
അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് വടകരയില്‍ ഷാഫി പറമ്പില്‍ എംപി പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധം നടത്തി. പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചു തടഞ്ഞതോടെ നേരിയ സംഘര്‍ഷാവസ്ഥയുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ നിലത്തു കുത്തിയിരുന്നു പ്രതിഷേധിച്ചു. രാഹുലിന്റെ സ്ത്രീ പീഡനത്തിനു സംരക്ഷണമൊരുക്കുന്നത് ഷാഫി പറമ്പില്‍ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമാണെന്ന ഫ്‌ലക്‌സും വടകര ഡിവൈഎഫ്‌ഐ എരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധപ്രകടനത്തില്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തി.