കോഴിക്കോട് : താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസിനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികൾക്ക് പരീക്ഷ എഴുതാൻ പോലീസ് സുരക്ഷ.പ്രതിഷേധ സാധ്യത മുന്നിൽ കണ്ടാണ് പ്രതികൾക്ക് സുരക്ഷയൊരുക്കുന്നത്.തിങ്കളാഴ്ച ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയാണ് പ്രതികൾ എഴുതുന്നത്.
സംഭവത്തിലെ പ്രാഥമിക പോസ്റ്റ്‌മോർട്ടം വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഷഹബാസിന്റെ തലയോട്ടിക്ക് മാരകമായ പൊട്ടലുണ്ട്.വലതു ചെവിക്ക് മുകളിലാണ് ഒടിവ്.അതേസമയം,ഷഹബാസിന്റെ മരണത്തിൽ പ്രതികളായ അഞ്ച് വിദ്യാർത്ഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി.ഷഹബാസിന്റെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തു.പ്രതികളെ നിലവിൽ വെള്ളിമാടുകുന്നിലെ ഒബ്സർവേഷൻ ഹോമിലാണ് പാർപ്പിച്ചിരിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഷഹബാസിന്റെ മരണം.പുലർച്ചെ 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.ട്യൂഷൻ ക്ലാസിലെ വിടവാങ്ങൽ പാർട്ടിക്കിടെ മൈക്ക് ഓഫ് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചത്.വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെയും താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർത്ഥികൾ ട്യൂഷൻ സെന്ററിൽ പരസ്പരം ഏറ്റുമുട്ടി.കരാട്ടെ പരിശീലകർ ഉപയോഗിക്കുന്ന നുഞ്ചാക്കു ഉപയോഗിച്ചാണ് പ്രതികൾ ഷഹബാസിനെ മർദ്ദിച്ചത്.