/kalakaumudi/media/media_files/2025/08/31/shajan-2025-08-31-10-07-30.jpg)
തൊടുപുഴ: മാധ്യമപ്രവര്‍ത്തകനും മറുനാടന്‍ മലയാളി ഉടമയുമായ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്.
ആളുകളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയെന്ന് അന്വേഷണസംഘം അറിയിച്ചു. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇന്നലെ രാത്രിയാണ് ഷാജന്‍ സ്‌കറിയ തൊടുപുഴ മങ്ങാട്ട് കവലയില്‍ വച്ച് ആക്രമിക്കപ്പെട്ടത്.
ഷാജന്‍ സ്‌കറിയയെ മൂന്നംഗ സംഘമാണ് ആക്രമിച്ചത്. മങ്ങാട്ട് കവലയില്‍ വെച്ച് വാഹനം തടഞ്ഞിട്ടശേഷം മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ ഷാജന്‍ സ്‌കറിയ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറി. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഷാജന്‍ സ്‌കറിയയുടെ പരിക്ക് ഗുരുതരമല്ല.
സംഭവസ്ഥലത്ത് സിസിടിവി ഉണ്ടെങ്കില്‍ ദൃശ്യങ്ങള്‍ ശേഖരിച്ച് ആളുകളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയെന്നും തൊടുപുഴ പൊലീസ് അറിയിച്ചു. ആക്രമണത്തിന് പുറകില്‍ സിപിഎമ്മാണെന്നും നിയമപരമായി തന്നെ എതിര്‍ക്കാന്‍ പറ്റാത്തതിനാല്‍ കായികമായി നേരിടാന്‍ ആണ് ചിലരുടെ ശ്രമമെന്നും ഷാജന്‍ സ്‌കറിയ ആരോപിച്ചു.