തിരുവനന്തപുരം:വിഖ്യാത ചലച്ചിത്ര സംവിധായകനും ക്യാമറാമാനുമായ ഷാജി എൻ കരുണിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായക ഇന്ദു ലക്ഷ്മി.ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുള്ള വ്യക്തിയാണ് ഷാജി എൻ കരുൺ. കഴിഞ്ഞ ദിവസം ഇദ്ദേഹം ഇന്ദുലക്ഷ്മിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ദുലക്ഷ്മി ഷാജി എൻ കരുണിനെതിരെ രംഗത്തെത്തിയത്.
ലീഗൽ നോട്ടീസിന്റെ ഫോട്ടോയ്‌ക്കൊപ്പമായിരുന്നു ഇന്ദുലക്ഷ്മിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.വേട്ടക്കാരൻ ഇരയെ കാത്തിരിക്കുന്നു...നിശബ്ദമായി....ക്ഷമയോടെ...എന്നിട്ട് കുതിക്കുന്നു.എന്നാൽ പ്രിയ വേട്ടക്കാരാ നിങ്ങൾ ഇതുവരെ നിശബ്ദമാക്കിയ എല്ലാ സ്ത്രീകളിൽ നിന്നും വ്യത്യസ്തയാണ് ഞാൻ. പ്രിയ വേട്ടക്കാരാ നീ കെടുത്താൻ പരമാവധി ശ്രെമിച്ച ആ പ്രതീക്ഷയുടെ ജ്വാല ഇപ്പോഴും എന്റെ ഹൃദയത്തിലുണ്ട്.സംവിധായകന്റെ അഭിഭാഷകനിൽ നിന്ന് ഇന്നലെ എനിക്ക് നോട്ടീസ് ലഭിച്ചു ഒരു വശത്തു ഐഎഫ്എഫ്കെയിൽ സ്ത്രീശാക്തീകരണവും വനിതാ സംവിധായകരും ആഘോഷിക്കപ്പെടുമ്പോഴും അവസരങ്ങൾ നിഷേധിക്കാനുള്ള പരിശ്രമങ്ങൾ തുടരുന്നു.ഒന്നര വർഷത്തെ കടുത്ത സംഘടനാ പീഡനത്തിന് ശേഷം എന്റെ ആദ്യ സിനിമയായ നിളയുടെ നിർമ്മാണത്തിനിടെ അവർ നൽകിയ ആഘാതത്തിൽ നിന്ന് എനിക്ക് മുന്നോട്ടു പോകാൻ കഴിഞ്ഞു.എന്റെ സിനിമ പൂർത്തിയാകുന്നതിനു മുൻപ് അതിനെ കൊള്ളാൻ അവരെ ഞാൻ അനുവദിച്ചില്ല എന്നതിൽ എനിക്ക് സന്തോഷമുണ്ട്.
സിനിമ നിർമ്മാണം എന്ന നിലയിൽ തുടങ്ങിയത് ഒരു യുദ്ധത്തിൽ കലാശിച്ചത് ഖേദകരമാണ്. എനിക്കായി പോരാടാൻ എന്റെ വാക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.ഐഎഫ്എഫ്കെയുടെ മത്സര വിഭാഗത്തിൽ എന്റെ രണ്ടാമത്തെ ചിത്രം ഇടം നേടിയത് അവർക്കൊരു കയ്‌പേറിയ അമ്പരപ്പുണ്ടാക്കിയിരിക്കണം.ആ സെലെക്ഷനിൽ നിന്നും എന്റെ സിനിമയെ മാറ്റാൻ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.എനിക്ക് ഇനിയൊരു സിനിമ ചെയ്യാൻ കഴിയില്ല എന്ന് തെളിയിക്കാനും അദ്ദേഹത്തിന് കഴിയില്ല.അതിനാൽ സാധ്യമായ ഏറ്റവും മികച്ച കാര്യം ഇതാണ്. നിശബ്ദവും മൃദുവുമായതും ലിബറൽ മുഖം മൂടികൾക്കും പിന്നിൽ അത്തരം അസഹിഷ്ണുതകൾ മറഞ്ഞിരിക്കുന്നു എന്ന് പറയാനാണ് ഈ പോസ്റ്റ് പങ്കിട്ടത് എന്നായിരുന്നു. ഇന്ദുലക്ഷ്മിയുടെ കുറിപ്പ്.
അതേസമയം ചലച്ചിത്രോത്സവം നടക്കുന്ന സമയത്തെ നിയമനടപടി ബോധപൂർവ്വമാണ്.കെഎസ്എഫ്ഡിസി സ്ഥാപനത്തോടല്ല എതിർപ്പ് ഷാജി എൻ കരുൺ എന്ന വ്യക്തിയോടാണെന്നും അവർ വ്യക്തമാക്കി.പുതുതായി വരുന്നവർ ബുദ്ധിമുട്ടണം എന്നാണ് ഷാജി എൻ കരുൺ പറഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.ചിത്രാഞ്ജലി സ്റ്റുഡിയോയുമായി ബന്ധപ്പെട്ട് ഷാജി എൻ കരുൺ അടക്കമുള്ളവരുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ചു ഇന്ദു സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചിരുന്നു.ഇതിനെതിരെയാണ് ഇപ്പോൾ അദ്ദേഹം നോട്ടീസ് അയച്ചിട്ടുള്ളത്.