/kalakaumudi/media/media_files/2025/11/17/biharrr-2025-11-17-11-01-55.jpg)
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സംഭവത്തിന്റെ സാക്ഷിയായ ബിഹാർ സ്വദേശി ശങ്കർ പാസ്വാൻ.
യുവതികൾ ഇരുന്നതിന്റെ എതിർവശത്ത് നിന്ന് പ്രതി സിഗരറ്റ് വലിക്കുകയും യുവതികൾ ഇത് ചോദ്യം ചെയ്തതോടുകൂടി പ്രതി പ്രകോപിതനാവുകയും ചെയ്തു എന്നാണ് ശങ്കർ പറയുന്നത് .
വഴക്കു കഴിഞ്ഞ് 15 മിനിറ്റിനു ശേഷം ട്രെയിനിലെ ഗാർഡ് ആ വഴി വരികയും സുരേഷ് സിഗരറ്റ് വലിക്കുന്നത് ചോദ്യം ചെയ്യുകയും ചെയ്തു .
എന്നാൽ യുവതികളുടെ പരാതി പ്രകാരമാണ് ഗാർഡ് എത്തിയതെന്ന് പ്രതി വിചാരിക്കുകയും ഇതേ ചൊല്ലി വീണ്ടും തർക്കം രൂക്ഷമാവുകയും ചെയ്തു .ഇതേത്തുടർന്നാണ് ശ്രീക്കുട്ടിയെ പ്രതി തള്ളിയിട്ടത്.
പിന്നീട് അർച്ചനയുമായി പ്രതി വഴക്കിട്ടപ്പോൾ താൻ അങ്ങോട്ട് ചെന്നു. ആ സമയം പ്രതിയുടെ കൈയിൽ തൂങ്ങി നിൽക്കുകയായിരുന്നു അർച്ചന.
പൊലീസ് തന്നെ അന്വേഷിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും ശങ്കർ പറഞ്ഞു. ശ്രീക്കുട്ടിയുടെ കൂട്ടുകാരി അർച്ചനയെ പ്രതിയിൽ നിന്ന് രക്ഷിച്ചത് ശങ്കർ ആണ്.
കൊച്ചുവേളി വ്യവസായ ഏരിയയിലെ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശങ്കർ. ട്രെയിനിലെ ആക്രമണവും ശങ്കർ പാസ്വാന്റെ രക്ഷാപ്രവർത്തനവും കേരളത്തിൽ വലിയ വാർത്തയായെങ്കിലും ഇതര സംസ്ഥാനക്കാരനായ ശങ്കർ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരും പറയുന്നത്.
അതിനാലാണ് പൊലീസിനു മുന്നിൽ ശങ്കർ വരാതിരുന്നത്. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ശങ്കർ പാസ്വാനെ പൊലീസ് കണ്ടെത്തിയത്.
റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിനിൽ നിന്ന് ഇറങ്ങിയവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
കേരള എക്‌സ്പ്രസിനു വർക്കല കഴിഞ്ഞാൽ പേട്ടയിലും തിരുവനന്തപുരത്തുമാണ് സ്റ്റോപ്പുകൾ.
അന്വേഷണത്തിൽ, രക്ഷാപ്രവർത്തനം നടത്തിയ ചുവന്ന ഷർട്ടുകാരൻ ഇറങ്ങിയത് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ആണെന്ന് മനസ്സിലാക്കി.
ഇവിടെ ഇറങ്ങി ഓട്ടോറിക്ഷയിൽ കയറുന്ന സിസിടിവി ദൃശ്യവും പൊലീസിനു ലഭിച്ചു. ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടുപിടിക്കുകയായിരുന്നു അടുത്ത ദൗത്യം.
രാത്രി സവാരി ആയതിനാൽ തന്നെ ചുവന്ന ഷർട്ടിട്ട ഒരാളെ കൊച്ചുവേളിയിൽ ഇറക്കിയത് ഓട്ടോ ഡ്രൈവർ ഓർത്തുവച്ചിരുന്നു.
ഇത് അന്വേഷണസംഘത്തിനു കൂടുതൽ സഹായകരമായി. കൊച്ചുവേളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ശങ്കറിനെ കണ്ടെത്തിയത്.
പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെ തിരഞ്ഞുകൊണ്ട് പൊലീസ് പരസ്യം ചെയ്തിരുന്നു.
ചുവന്ന ഷർട്ട് ധരിച്ചയാൾ എന്നു മാത്രമായിരുന്നു രക്ഷകനെക്കുറിച്ച് പൊലീസിനുണ്ടായിരുന്ന ആദ്യ സൂചന.
പ്രതിയായ സുരേഷ് ശ്രീക്കുട്ടിയെ തള്ളിയിട്ടതിനുശേഷം അർച്ചനയെക്കൂടി ആക്രമിക്കാനൊരുങ്ങുമ്പോൾ ചുവന്ന ഷർട്ട് ധരിച്ച ഒരു വ്യക്തി ഓടിയെത്തുകയും ഒറ്റക്കൈ കൊണ്ട് അർച്ചനയെ ട്രെയിനിലേക്ക് തിരികെ പിടിച്ചുകയറ്റുകയും ചെയ്യുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു.
തുടർന്ന് ഇദ്ദേഹം സുരേഷിനെ സാഹസികമായി കീഴ്‌പ്പെടുത്തുന്നതും സിസിടിവിയിൽ പതിഞ്ഞു.
ഇതിൽനിന്ന് വിവരങ്ങൾ ശേഖരിച്ചാണ് ബിഹാർ സ്വദേശിയെ പൊലീസ് തിരിച്ചറിഞ്ഞത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
