സ്വർണക്കടത്തിൻറെ പങ്ക് പറ്റുന്നു, സ്ത്രീകളുടെ നമ്പർ വാങ്ങുന്നു; പരാതി പുറത്തുവിട്ട് അൻവർ

അൻവർ പാർട്ടി സെക്രട്ടറിക്ക് നൽകിയ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെകുറിച്ച് ഒരു പരാതിയും നൽകിയിട്ടില്ല എന്നായിരുന്നു അനിൽ കുമാർ ചർച്ചയിൽ പറഞ്ഞത്.

author-image
Anagha Rajeev
New Update
p sasi pinarayi

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ സിപിഎം സെക്രട്ടറിക്ക് നൽകിയ പരാതി പുറത്തുവിട്ട് പിവി അൻവർ. സ്വർണ്ണക്കടത്തിൻറെ പങ്ക് പറ്റുന്നു, സാമ്പത്തിക തർക്കത്തിൽ ഒരു കക്ഷിക്കൊപ്പം നിന്ന് ലക്ഷണങ്ങൾ കൈപ്പറ്റുന്നു, പരാതി നൽകാനെത്തുന്ന സ്ത്രീകളുടെ നമ്പർ വാങ്ങുകയും അവരോട് മോശമായി സംസാരിക്കുകയും ചെയ്യുന്നു തുടങ്ങി ഗുരുതര ആക്ഷേപങ്ങളാണ് ശശിക്കെതിരെ പരാതിയിൽ അൻവർ ഉന്നയിക്കുന്നത്.

രാഷ്ട്രീയ ചർച്ചയിൽ അഡ്വ: അനിൽ കുമാർ നടത്തിയ പ്രസ്താവന തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നും അതിനാൽ തൽക്കാലം പുറത്തുവിടേണ്ട എന്ന് ഉദ്ദേശിച്ചിരുന്ന പരാതി പുറത്തുവിടുന്നവെന്നും അറിയിച്ചാണ് അൻവർ പരാതിയുടെ കോപ്പി ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. അൻവർ പാർട്ടി സെക്രട്ടറിക്ക് നൽകിയ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെകുറിച്ച് ഒരു പരാതിയും നൽകിയിട്ടില്ല എന്നായിരുന്നു അനിൽ കുമാർ ചർച്ചയിൽ പറഞ്ഞത്.

കച്ചവടക്കാർക്കിടയിലെ സാമ്പത്തിക തർക്കത്തിൽ ഇടപെട്ട് ശശി ലക്ഷങ്ങൾ കൈപ്പറ്റി, കമ്മീഷൻ വാങ്ങി കേസുകൾ ഒത്തുതീർപ്പാക്കുന്നു, രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ തനിക്കെതിരായ കേസിന് പിന്നിലും ശശി, സോളാർ കേസിൽ പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയതിലും എഡിജിപി അജിത് കുമാറിനൊപ്പം ശശിയുമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാനെത്തുന്ന സ്ത്രീകളുടെ ഫോൺ നമ്പർ വാങ്ങി ശൃംഗാര ഭാവത്തിൽ ഇടപെടുന്നു എന്നിങ്ങനെ പോകുന്നു പരാതി.

ഓൺലൈൻ സ്ഥാപന ഉടമ പ്രതിയായ കേസ് ഒതുക്കി തീർക്കാൻ എഡിജിപി എംആർ അജിത് കുമാർ രണ്ട് കോടിരൂപ കൈക്കൂലി വാങ്ങി. ഒരു കോടിരൂപ യൂറോ ആയി എഡിജിപിയുടെ വിദേശത്തുള്ള സുഹൃത്തിനു കൈമാറി. പൊളിറ്റിക്കൽ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചിട്ടും നടപടിയെടുത്തില്ല. സോളർ കേസ് അട്ടിമറിക്കാൻ പൊളിറ്റിക്കൽ സെക്രട്ടറി ഇടപെട്ടോയെന്ന് പരിശോധിക്കണം. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ പൊലീസ് റിപ്പോർട്ട് പൂഴ്ത്തിവച്ച എഡിജിപിയെ പൊളിറ്റിക്കൽ സെക്രട്ടറി സംരക്ഷിക്കുകയാണോ എന്ന് പരിശോധിക്കണമെന്നും അൻവർ പരാതിയിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതികളുമായി എത്തുന്ന സ്ത്രീകളുടെ ഫോൺ നമ്പറുകൾ ശശി വാങ്ങി വെക്കുകയും, കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് അവരോട് പ്രത്യേകം അന്വേഷിക്കുകയും ചെയ്യുന്നു. അവരിൽ ചിലരോട് ശൃംഗാര ഭാവത്തിൽ സംസാരിച്ചതിന്റെ ഭാഗമായി ശശിയുടെ ഫോൺ കാളുകൾ എടുക്കാതെയായ പരാതിക്കാരിയുണ്ടെന്നുള്ളതും തനിക്കറിയാം. ശശി ഈ സ്ഥാനത്ത് തുടർന്നാൽ താങ്ങാനാവാത്ത മാനക്കേടും നാണക്കേടും അധികം വൈകാതെ തന്നെ പാർട്ടിയും മുഖ്യമന്ത്രിയും നേരിടേണ്ടി വരുമെന്നത് തനിക്കുറപ്പാണെന്നും അൻവർ എംവി ഗോവിന്ദൻ നൽകിയ പരാതിയിൽ പറയുന്നു.

PV Anwar