/kalakaumudi/media/media_files/2025/03/03/D4CrYY9ZAkUx1jxLUJuk.jpg)
തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വളര്‍ച്ച സംബന്ധിച്ച നിലപാടില്‍ മലക്കം മറിഞ്ഞ് ശശി തരൂര്‍ എം പി. കേരളം വ്യവസായ സൗഹാര്‍ദമാണ് എന്ന സ്വന്തം ലേഖനത്തില്‍ നിന്നാണ് ശശി തരൂര്‍ പിന്നോക്കം പോയത്. അവകാശവാദങ്ങള്‍ മാത്രമാണുള്ളത്. കൂടുതല്‍ സംരംഭങ്ങള്‍ കേരളത്തിന് ആവശ്യമുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ പേപ്പറില്‍ മാത്രം ഒതുങ്ങാതെ നടപ്പാക്കണം. കേരളസര്‍ക്കാറിന്റെ ഉദ്ദേശ്യ ശുദ്ധി നല്ലതാണെന്ന് സമ്മതിക്കാം. എന്നാല്‍ കേരളത്തിലെ യഥാര്‍ത്ഥ സാഹചര്യമല്ല പുറത്തുവരുന്നതെന്നും ശശി തരൂര്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
കേരളത്തിലെ നിരവധി വ്യവസായങ്ങള്‍ പൂട്ടിപ്പായെന്ന ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു തരൂരിന്റെ കുറിപ്പ്. ഹൈക്കമാന്‍ഡും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് തരൂരിന്റെ നിലപാട് മാറ്റം എന്നതും ?ശ്രദ്ധേയം. വ്യവസായവകുപ്പിന്റെ സ്റ്റാര്‍ട്ട് അപ് മിഷന്‍ വളര്‍ച്ചാ കണക്ക് ശരിയല്ലെന്ന പാര്‍ട്ടി നിലപാട് ദേശീയ-സംസ്ഥാന നേതൃത്വം ശശിതരൂരിനെ അറിയിച്ചിരുന്നു.
പറയാത്ത കാര്യങ്ങളാണ് വിവാദ അഭിമുഖത്തില്‍ വന്നതെന്നും കേരളത്തില്‍ നേതൃപ്രതിസന്ധിയുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ശശി തരൂര്‍ നേരത്തേ വിശദീകരിച്ചിരുന്നു. തന്റെ പ്രസ്താവനകള്‍ വളച്ചൊടിച്ചതാണ്. എല്ലാം കഴിഞ്ഞതിന് ശേഷമാണ് വിവാദ അഭിമുഖത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ഖേദം പ്രകടിപ്പിക്കാന്‍ തയാറായതെന്നും അദ്ദേഹം എക്‌സ് പോസ്റ്റില്‍ സൂചിപ്പിച്ചു.
താന്‍ പറയാത്ത കാര്യം തലക്കെട്ടായി നല്‍കി പത്രം അപമാനിച്ചു. നിരുത്തരവാദപരമായ മാധ്യമപ്രവര്‍ത്തനമാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും തരൂര്‍ എക്‌സില്‍ പോസ്റ്റുചെയ്ത വിശദീകരണക്കുറിപ്പില്‍ പറയുന്നു. വാര്‍ത്തയിലെ ഒരു ഭാഗത്ത് പിശകുണ്ടെന്ന് പത്രം വ്യക്തമാക്കിയതിനു പിന്നാലെയാണ് തരൂരിന്റെ വിശദീകരണക്കുറിപ്പ്.
'തനിക്ക് വേറെ വഴികളുണ്ട്' എന്ന് തലക്കെട്ട് നല്‍കിയത് തെറ്റിദ്ധാരണാജനകമാണ്. എഴുത്ത്, വായന, പ്രസംഗങ്ങള്‍ തുടങ്ങി തനിക്ക് പല വഴികളുണ്ടെന്ന് പോഡ്കാസ്റ്റില്‍ വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ വേറെ ഏതോ പാര്‍ട്ടിയിലേക്ക് പോകുന്നുവെന്ന തരത്തില്‍ തലക്കെട്ട് വരികയും അത്തരത്തില്‍ ചര്‍ച്ചയുണ്ടാകുകയും ചെയ്തു.
കേളത്തില്‍ നല്ല നേതൃത്വമില്ലെന്ന് പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അത് പിന്നീട് പലരും ബ്രേക്കിങ് ന്യൂസാക്കുകയും നേതാക്കള്‍ പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല പറഞ്ഞതെന്ന് പിന്നീട് പത്രംതന്നെ തിരുത്തി. കേരളത്തില്‍ നേതാക്കളുണ്ട്, അണികളുടെ കുറവിനെ കുറിച്ചാണ് അഭിമുഖത്തില്‍ പറഞ്ഞതെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.