ഒടുവിൽ, വെഞ്ഞാറമ്മൂട് കൂട്ടക്കൊലയിൽ ഇളയമകൻ അഹ്‌സാന്റെ മരണവിവരം ഐസിയുവിലുള്ള അമ്മ ഷെമി അറിഞ്ഞു. സംഭവം നടന്ന് 10 ദിവസത്തിന് ശേഷമാണ് തന്റെ മൂത്തമകൻ അഫാൻ അവന്റെ അനിയനെ കൊന്ന വിവരം അമ്മ അറിയുന്നത്. ഭർത്താവ് മുഹമ്മദ് റഹീമിന്റെ സാനിധ്യത്തിൽ സൈക്യാട്രി ഡോക്ടർ അടങ്ങിയ സംഘമാണ് വിവരം ഷെമിയെ അറിയിച്ചത്. വിവരം ഉൾക്കൊള്ളാനാകാതെ വളരെ വൈകാരികമായാണ് ചികിത്സയിൽ കഴിയുന്ന ഷെമി പ്രതികരിച്ചതെന്നാണ് ബന്ധുക്കൾ അറിയിക്കുന്നത്.
മജിസ്‌ട്രേറ്റിനു മുന്നിൽ അഫാനെ സംരക്ഷിക്കാം മൊഴി മാറ്റി പറഞ്ഞ ഷെമി സത്യങ്ങളറിഞ്ഞ ശേഷം എന്ത് മൊഴിയാകും നൽകുന്നതെന്ന് അറിയേണ്ടതുണ്ട്. നിലവിൽ അഫാൻ പോലീസ് കസ്റ്റഡിയിലാണ്. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി മാർച്ച് 8 ന് വൈകുന്നേരം, 4 മണിയോട് കൂടി അവസാനിക്കും. പാങ്ങോട് വെഞ്ഞാറമ്മൂട് സ്റ്റേഷൻ പരിധികളിലായാണ് അഫാൻ 5 കൊലപാതകങ്ങൾ നടത്തിയത്. നിലവിൽ പാങ്ങോട് സ്റ്റേഷനിലാണ് അഫാനെ ചോദ്യം ചെയ്യുന്നത്. നാളെ പിതൃമാതാവിനെ കൊലപ്പെടുത്തിയ ഈ സ്റ്റേഷൻ പരിധിയിലെ വീട്ടിൽ എത്തിച്ച് തെളിവെടുക്കും. ശേഷം വീണ്ടും വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷനിൽ കൊണ്ട് വന്ന് തുടർ നടപടികളിലേക്ക് കടക്കും.