/kalakaumudi/media/media_files/2025/07/17/sherin-2025-07-17-20-43-43.jpg)
കണ്ണൂര്‍: ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ ജയില്‍മോചിതയായി. പരോളിലായിരുന്ന ഷെറിന്‍ ഇന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. ഷെറിന്‍ അടക്കം ശിക്ഷ അനുഭവിച്ചിരുന്ന 11 പേരെ മേചിപ്പിക്കണമെന്നു ജനുവരിയില്‍ മന്ത്രിസഭായോഗം ശുപാര്‍ശ ചെയ്തിരുന്നു. ഇത് ഗവര്‍ണര്‍ അംഗീകരിച്ചതോടെയാണ് മോചനത്തിനു കളമൊരുങ്ങിയത്. പിന്നാലെ, സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു. കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു ഷെറിന്‍.
ഷെറിനെ വിട്ടയയ്ക്കാനുള്ള തീരുമാനം വിവാദമായതോടെ അത് സര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. ഷെറിന് തുടര്‍ച്ചയായി പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടിയതു വാര്‍ത്തയായതും വിവാദമായതോടെയാണ് മോചനനീക്കം വൈകിയത്. സര്‍ക്കാര്‍ ശുപാര്‍ശ സമര്‍പ്പിച്ച ശേഷവും ജയിലില്‍ പ്രശ്നം സൃഷ്ടിച്ചതും തിരിച്ചടിയായി. വിവാദമടങ്ങിയശേഷമാണു മന്ത്രിസഭാ തീരുമാനം ഗവര്‍ണര്‍ക്ക് അയച്ചത്.
2009 നവംബര്‍ എട്ടിനാണ് ചെങ്ങന്നൂര്‍ ചെറിയനാട് കാരണവേഴ്സ് വില്ലയിലെ ഭാസ്‌കര കാരണവര്‍ (66) വീട്ടില്‍വച്ചു കൊല്ലപ്പെട്ടത്. മകന്റെ ഭാര്യ ഷെറിനായിരുന്നു ഒന്നാം പ്രതി. ഷെറിന്റെ സുഹൃത്ത് കുറിച്ചി സ്വദേശി ബാസിത് അലി, ഇയാളുടെ സംഘത്തിലെ കളമശ്ശേരി സ്വദേശി നിഥിന്‍, ഏലൂര്‍ സ്വദേശി ഷാനു റഷീദ് എന്നിവരായിരുന്നു മറ്റു പ്രതികള്‍.