കോഴിക്കോട്: ഡിവൈഎഫ്‌ഐ പ്രവർത്തകനായ തൂണേരി സ്വദേശി ഷിബിൻ വധക്കേസിലെ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മുസ്ലിംലീഗ് പ്രവർത്തകരായ ഏഴ് പ്രതികൾക്ക് വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ആറു പേർ വിദേശത്തും ഒരാൾ ചെന്നൈയിലുമാണെന്നാണ് വിവരം.
ഷിബിൻ വധക്കേസിൽ വിചാരണ കോടതി വെറുതെ വിട്ട പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഈ മാസം 15ന് മുമ്പ് അറസ്റ്റ് ചെയ്തു വിചാരണ കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്കായി നാദാപുരം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
2015 ജനുവരി 22നായിരുന്നു ഡിവൈഎഫ്‌ഐ പ്രവർത്തകനായ ഷിബിൻ കൊല്ലപ്പെട്ടത്. ഷിബിനെ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ മുസ്ലിം ലീഗ് പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്ന് മുതൽ പതിനൊന്ന് വരെയുള്ള പ്രതികൾ കൊലപാതക സംഘത്തിലുള്ളവരും പന്ത്രണ്ട് മുതൽ പതിനേഴ് വരെയുള്ള പ്രതികൾ കൊലയാളികളെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ചവരാണ്. കേസിൽ 66 സാക്ഷിമൊഴികളും 151 രേഖകളും 55 തൊണ്ടി മുതലുകളുമാണ് പൊലീസ് സമർപ്പിച്ചത്.
2016 മെയിൽ കേസിലെ പ്രതികളെ എരഞ്ഞിപ്പാലം അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു. കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കണ്ടെത്തിയായിരുന്നു പ്രതികളെ അഡീഷണൽ സെഷൻസ് ജഡ്ജി എസ് കൃഷ്ണകുമാര്റാണ് വെറുതെ വിട്ടത്.