/kalakaumudi/media/media_files/Tnmmho2bUFqz2tmAq8Oq.jpeg)
ഷിരൂർ: മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം വീണ്ടും അനിശ്ചിതത്വത്തിൽ. അർജുനായുള്ള തിരച്ചിൽ അവസാനിപ്പിച്ചത് ദൗർഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സാധ്യതകളെ ഉപയോഗപ്പെടുത്തിയില്ലെന്നും പരിമിതിയിൽ നിന്നു രക്ഷാപ്രവർത്തനം എങ്ങനെ നടത്തുമെന്ന് പരിശോധിക്കുമെന്നും റിയാസ് കൂട്ടിച്ചേർത്തു.
‘‘കർണാടക സർക്കാർ സ്വീകരിച്ച നിലപാടിൽനിന്നും പിന്നോട്ടു പോകണം. നേവൽ ബേസിലെ ഏറ്റവും മികച്ച ഡൈവേഴ്സിനെ ഉപയോഗപ്പെടുത്തണം. ഇനിയും ഒരുപാട് സാധ്യതകളുണ്ട്. ഇപ്പോൾ എടുത്ത തീരുമാനത്തിൽനിന്നും പിന്നോട്ട് പോകണം. എല്ലാവരും ചർച്ച ചെയ്തെടുത്ത തീരുമാനം നടപ്പിലാക്കണം’’
‘‘ആരെയും കുറ്റപ്പെടുത്താനോ അനാവശ്യ വിവാദങ്ങൾക്ക് പോകാനോ താൽപര്യമില്ല. ഞങ്ങളോടു ബന്ധപ്പെടാതെ ഇത്തരമൊരു തീരുമാനമെടുക്കുന്നത് ശരിയല്ല. ഭരണഘടനാപരമായി ചെയ്യാൻ പറ്റുന്നതെല്ലാം കേരള സർക്കാർ ചെയ്യുന്നുണ്ട്. മറ്റൊരു സംസ്ഥാനമായതിനാൽ അവിടെ പോയി മന്ത്രിമാർക്ക് തമ്പടിച്ച് നിൽക്കാൻ പറ്റില്ല. എന്നാൽ ഞങ്ങൾ പിന്നീട് അങ്ങോട്ടേക്ക് പോയി. മന്ത്രിയെന്ന നിലയിലല്ല പൗരനെന്ന നിലയിലാണ് അഭിപ്രായം’’– റിയാസ് പറഞ്ഞു
തിരച്ചിലിനെക്കുറിച്ച് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്ത് പ്ലാൻ ബിയെ കുറിച്ച് ആലോചിക്കണമെന്നാണ് മഞ്ചേശ്വരം എംഎല്‍എ എം.കെ.എം. അഷ്റഫ് പറഞ്ഞത്. ‘‘ഈശ്വര്‍ മല്‍പെ പുഴയില്‍ ഇറങ്ങി നടത്തുന്ന തിരച്ചിലില്‍ ഇതുവരെ യാതൊരു അനുകൂലഫലവും ലഭിച്ചിട്ടില്ല. ലോറിയോ മറ്റു പ്രതീക്ഷ നല്‍കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. ഈ ദൗത്യം കഴിഞ്ഞാല്‍ ഇനിയെന്താണ് ചെയ്യുക എന്നതില്‍ ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. അടുത്തത് എന്ത് എന്ന ചോദ്യമാണ് മുന്നിലുള്ളത്. ഉത്തര കന്നഡ കലക്ടര്‍ക്കുപോലും ത്തരമില്ല. ഇക്കാര്യം ചര്‍ച്ച ചെയ്തു തീരുമാനിക്കണം. നിലവില്‍ തിരച്ചില്‍ അനിശ്ചിതത്വത്തിലാണ്’’– അഷറഫ് പറഞ്ഞു.
അതേസമയം, തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ച വിവരം അറിയിച്ചില്ലെന്ന് എം.വിജിൻ എംഎൽഎ പ്രതികരിച്ചു.