ഗംഗാവലിയിൽനിന്ന് ലോറിയുടെ ജാക്കി കണ്ടെത്തി ഈശ്വർ മാൽപേ; അർജുന്റെ ലോറിയിൽ ഉപയോഗിച്ചിരുന്നതെന്ന് സ്ഥിരീകരിച്ച് ലോറി ഉടമ

പുതിയ ഹൈഡ്രോളിക് ജാക്കിയാണ് ലോറിയിൽ ഉണ്ടായിരുന്നതെന്നും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് അർജുൻ ഓടിച്ച ലോറിയുടെ ഭാ​ഗമാകാനാണ് എൺപത് ശതമാനവും സാധ്യതയെന്നും ലോറി ഉടമ മനാഫ് പറഞ്ഞു.

author-image
Vishnupriya
New Update
ar
Listen to this article
0.75x1x1.5x
00:00/ 00:00

ഷിരൂർ: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിനിടെ ഗംഗാവലി പുഴയിലെ തിരച്ചിലിൽ വീൽ ജാക്കി കണ്ടെത്തി. ഇത് അർജുന്‍ ഓടിച്ചിരുന്ന ലോറിയുടേതുതന്നെ ആണെന്നാണ് ലോറി ഉടമ മനാഫ് വ്യക്തമാക്കുന്നത്. ഗം​ഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് മാൽപെ സംഘം ചൊവ്വാഴ്ച വൈകുന്നേരത്തോടെ പുഴയിലിറങ്ങി പരിശോധന നടത്തിയത്. 

കരയോട് തൊട്ടടുത്ത ഭാ​ഗത്ത് നിന്നാണ് ജാക്കി കണ്ടെത്തിയത്. പുതിയ ഹൈഡ്രോളിക് ജാക്കിയാണ് ലോറിയിൽ ഉണ്ടായിരുന്നതെന്നും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് അർജുൻ ഓടിച്ച ലോറിയുടെ ഭാ​ഗമാകാനാണ് എൺപത് ശതമാനവും സാധ്യതയെന്നും ലോറി ഉടമ മനാഫ് പറഞ്ഞു.

ഏകദേശം രണ്ടു മണിക്കൂറോളം തിരച്ചിൽ നടത്തിയതിന് ശേഷം ചൊവ്വാഴ്ചത്തെ പരിശോധന സംഘം അവസാനിപ്പിച്ചു. ബുധനാഴ്ച വീണ്ടും തിരച്ചിൽ തുടരും. തിരച്ചിലിന് അനുകൂലമായ സാഹചര്യമായതിനാൽ നാളെ വിപുലമായ പരിശോധന നടത്തും.

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നാവികസേനയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. പുഴയില്‍ റഡാര്‍ പരിശോധന നടത്താനായിരുന്നു തീരുമാനം. എന്നാൽ, നാവികസേനയ്ക്കു പകരം ഈശ്വർ മാൽപേയുട നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പരിശോധന ആരംഭിച്ചത്. 

പുഴയിലെ ഒഴുക്ക് രണ്ട് നോട്സ് ആയി കുറഞ്ഞിട്ടുണ്ട്. തിരച്ചിൽ ബുധനാഴ്ച പുനഃരാരംഭിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ മുമ്പ് വ്യക്തമാക്കിയിരുന്നു. നാവികസേനയ്ക്കും കേരളത്തിനുമെതിരെ എംഎൽഎ വിമർശനമുന്നയിക്കുകയും ചെയ്തു.

landslide arjun shirur