/kalakaumudi/media/media_files/2025/12/31/shiva-3-2025-12-31-12-26-29.jpg)
ശിവഗിരി: ഇന്ത്യയുടെ ബഹസ്വരത തകര്‍ക്കപ്പെടുകയാണെന്നും ഇത് സാംസ്‌കാരിക ഫാസിസമാണെന്ന് തിരിച്ചറിയാന്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് കഴിയണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ശിവഗിരിയില്‍ 93-ാമത് തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജീവിത ചുറ്റുപാടുകളില്‍ കാണുകയും അനുഭവിക്കുകയും ചെയ്ത അസംബന്ധ കാര്യങ്ങള്‍ക്കെതിരെ ശ്രീ നാരായണ ഗുരു ശബ്ദിച്ചിരുന്നു. ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ തകര്‍ക്കുന്നതായിരുന്നു പ്രവര്‍ത്തനം. ബ്രഹ്മണ്യത്തിനെതിരെയാണ് ശ്രീനാരായണ ഗുരു പ്രവര്‍ത്തിച്ചത്. ക്ഷത്രിയ ബ്രാഹ്മണ അധികാര വ്യവസ്ഥയ്‌ക്കെതിരെ ഉയര്‍ന്ന അടിച്ചമര്‍ത്തപ്പെട്ടവന്റെ കലാപമാണ് അരുവിപ്പുറത്തെ പ്രതിഷ്ഠ. ഐതിഹ്യങ്ങളെ ചരിത്രങ്ങളായി അവതരിപ്പിക്കുന്നു.
ശിവഗിരി തീര്‍ത്ഥാടനം ഈഴവരുടേത് മാത്രമാകരുത് എന്ന് ഗുരു പറഞ്ഞിരുന്നു. അറിവിന്റെ തീര്‍ത്ഥാടകരാകണം. സര്‍വ്വ മത സാഹോദര്യത്തോടെയാകണം എന്ന് നിര്‍ദേശം നല്‍കി. ഗുരുവിന്റെ പാതയിലൂടെയാണ് കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. വിവിധ വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി. അധികാരം കൈയ്യിലുള്ള പലരും കുട്ടികളെ അസംബന്ധം പഠിപ്പിക്കുന്ന കാലമാണിത്. നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടു പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്ധവിശ്വാസങ്ങളെ സിലബസില്‍ ചേര്‍ക്കുന്നത് ഗുരുവിനെ ധിക്കരിക്കലാണ്. ഒരു മതത്തിന്റെ രാഷ്ട്രമെന്ന സങ്കല്‍പ്പം ഗുരു നിന്ദയാണ്. ഒരു ഭക്തനും അങ്ങനെ പോകില്ലെന്ന് ഉറപ്പാണ്. ഗുരുദേവ ദര്‍ശനങ്ങളെ വക്രീകരിച്ച് ഹൈജാക്ക് ചെയ്യാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംസാരിക്കുമ്പോള്‍ താന്‍ വേദിയില്‍ ഉണ്ടാകില്ലെന്ന് പ്രസംഗത്തില്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മര്യാദകേട് കാണിക്കേണ്ടി വരികയാണ്. കര്‍ണാടക മുഖ്യമന്ത്രി സംസാരിക്കുന്ന സമയം താന്‍ കൂടി വേണ്ടതാണ്. മന്ത്രി സഭായോഗം ഉള്ളത് കൊണ്ട് അതിന് പോകേണ്ടി വരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെയാണ് സിദ്ധരാമയ്യും പിണറായിയും ഒരേ വേദിയിലെത്തുന്നത്.
പ്രസംഗത്തിന് ശേഷം സിദ്ധരാമയ്യയ്ക്ക് ഉപഹാരം നല്‍കിയാണ് മുഖ്യമന്ത്രി വേദി വിട്ടത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
